തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 2 ദിവസം വിതുര താലൂക്കാശുപത്രിയിലും ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി. രണ്ടാഴ്ച്ചയിലധികമായി ഒട്ടും കുറയാതെ സംസ്ഥാനത്തെ പനിയും പകര്‍ച്ച വ്യാധികളും തുടരുകയാണ്.
ജൂണ്‍ 13 മുതല്‍ പതിനായിരം കടന്ന പ്രതിദിന പനിരോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളില്‍ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് തൊണ്ണൂറായിരം പേര്‍ക്കാണ്. ചിക്കന്‍പോക്‌സും വ്യാപിക്കുകയാണ്. ജൂണ്‍ 13ന് പ്രതിദിനം പനിബാധിതരുടെ എണ്ണം 10,000ന് മുകളിലെത്തുമ്പോള്‍ എച്ച്1എന്‍1 എന്ന കോളം പോലും കണക്കുകളില്‍ ഉണ്ടായിരുന്നില്ല. അന്ന് കണക്കുകളില്‍ പോലും ഇല്ലാതിരുന്ന H1N1 വ്യാപനം കുത്തനെ കൂടി. ഒരാഴ്ച്ചയ്ക്കിടെ 37 പേര്‍ക്കാണ് H1N1 സ്ഥിരീകരിച്ചത്. 1 മരണം സ്ഥിരീകരിച്ചു.
2 മരണം H1N1 കാരണമാണെന്ന് സംശയിക്കുകയും ചെയ്യുന്നു. മലപ്പുറത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പടെ മരിച്ചത് എച്ച്1എന്‍1 കാരണം. ഈ വര്‍ഷത്തെ പനിമരണങ്ങളില്‍ എച്ച്.1.എന്‍.1 എലിപ്പനിക്ക് പിന്നില്‍ രണ്ടാമതെത്തി. എലിപ്പനി 32ഉം എച്ച്1എന്‍1 23ഉം നാടാകെ പടരുന്ന തരത്തിലാണ് ചിക്കന്‍ പോക്‌സും ഒപ്പമുള്ളത്. 378 പേര്‍ക്കാണ് ഒരാഴ്ച്ചയ്ക്കിടെ ചിക്കന്‍ പോക്‌സ്. വൈകിപ്പോയെന്ന വിമര്‍ശനങ്ങള്‍ക്കിടെ കഴിഞ്ഞയാഴ്ച്ച മുതല്‍ സമൂഹ ഡ്രൈ ഡേ ആചരണം ഉള്‍പ്പടെ നടത്തി. പക്ഷെ, ഡെങ്കിപ്പനിയുടെ വ്യാപനം ഇനിയും പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല.
ഗുരുതരമാകുന്ന കേസുകളില്‍ നല്ല പങ്കും ഡെങ്കിപ്പനിയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് 89,453 പേര്‍ക്കാണ്. 23 മരണം പനി മരണമാണെന്ന് സംശയിക്കുന്നു. 10 മരണം മാത്രമാണ് സ്ഥിരീകരിച്ച് ഔദ്യോഗിക പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന കെ.ജി.എം.ഒ.എയുടെ ആവശ്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടുമില്ല.