തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ പ്രധാന ഏടാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിട്ട് പന്ത്രണ്ട് തവണയും അദ്ദേഹം വിജയിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
53 വര്‍ഷക്കാലം നിയമസഭാ സാമാജികനായി തുടരുക എന്നത് ജനമനസ്സുകളില്‍ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. 70-കളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മൂന്ന് തവണ അദ്ദേഹം വിവിധ വകുപ്പുകളുടെ മന്ത്രിയായി. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗാവസ്ഥയില്‍ പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ ചാണ്ടിയുടെ ആത്മാര്‍ഥത പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1970-ല്‍ ഞാനും ഉമ്മന്‍ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാ അംഗങ്ങളായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളില്‍ സഭയ്ക്ക് പുറത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ആദ്യം മുതല്‍ ഈ സഭയിലെ അംഗമായി തുടര്‍ന്നു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. എ.കെ. ആന്റണിയും കെ. കരുണാകരനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളായി പോയിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയം കേരള നിയമസഭയോടായിരുന്നു, മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു ടേമുകളിലായി പാര്‍ലമെന്റിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ വക്കം പുരുഷോത്തമന് സാധിച്ചതായി മുഖ്യമന്ത്രി അനുസ്മരിച്ചു. മിസോറാം ഗവര്‍ണ്ണറായിരുന്നപ്പോഴും ആന്‍ഡമാന്‍ – നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നപ്പോഴുമെല്ലാം ഭരണഘടനയോട് കൂറുപുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു. ഏഴര പതിറ്റാണ്ടോളം നീണ്ടുനിന്ന വക്കത്തിന്റെ രാഷ്ട്രീയജീവിതം പൊതുപ്രവര്‍ത്തകര്‍ക്കാകെ, പ്രത്യേകിച്ച് പുതുതലമുറയില്‍പ്പെടുന്നവര്‍ക്കുള്ള മികച്ച ഒരു റഫറന്‍സാണെന്നും അദ്ദേഹം പറഞ്ഞു.