കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കി. മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചു.
വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 25നാണ് സ്പീഡ് പോസ്റ്റ് വഴി മൊയ്തീന് ഇഡിയുടെ അറിയിപ്പ് ലഭിച്ചത്. ഇതിനു മറുപടി ഇമെയില്‍ വഴിയാണ് മൊയ്തീന്‍ നല്‍കിയത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ മാനേജര്‍ ബിജു കരീം, പി.പി. കിരണ്‍, അനില്‍ സേഠ് എന്നിവരാണ് ചോദ്യംചെയ്യലിന് ഇഡിക്കു മുന്നില്‍ ഹാജരായത്. പകല്‍ 11 മണിയോടുകൂടിയാണ് ഇവര്‍ ഇഡി ഓഫിസില്‍ ഹാജരായത്. ഇവരെ ബെനാമികളാക്കി 150 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ബെനാമി ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നത് എ.സി. മൊയ്തീന്‍ അടക്കമുള്ള സിപിഎം നേതാക്കളാണെന്ന് ഇഡി പറയുന്നു. ആ നിര്‍ദേശം ഇവര്‍ അംഗീകരിച്ച് പാവങ്ങളുടെ ഭൂമി ഉള്‍പ്പെടെ അവരറിയാതെ പണയപ്പെടുത്തി വന്‍തുക നല്‍കിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ബിജു കരീമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മറ്റുള്ളവര്‍ മൊയ്തീന്റെ നിര്‍ദേശാനുസരണം അനധികൃതമായി ബാങ്കില്‍നിന്ന് ലോണ്‍ തരപ്പെടുത്തിയെന്നു കണ്ടെത്തിയിട്ടുള്ളവരാണ്. ഇടനിലക്കാരെയും ബെനാമികള്‍ അടക്കമുള്ളവരെയും ഇഡി ചോദ്യം ചെയ്തു വരികയാണ്.