ബംഗളൂരു: മാസങ്ങള്‍ നീണ്ട പ്രചരണങ്ങള്‍ക്കൊടുവില്‍ ഇന്ന് കര്‍ണ്ണാടക ജനവിധിയെഴുതുകയാണ്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2615 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കാനായി 5കോടി 30 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. കര്‍ണ്ണാടകയില്‍ സുരക്ഷയ്ക്കായി 88000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും ഗോവയുമായുള്ള അതിര്‍ത്തികളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാണ്.
അതേസമയം നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹുബ്ബള്ളിയിലെ ക്ഷേത്രം സന്ദര്‍ശിച്ച് ഹനുമാന്‍ കീര്‍ത്തനം ചൊല്ലി. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും സംസ്ഥാന വ്യാപകമായി ഹനുമാന്‍ കീര്‍ത്തനയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ് യെദ്യൂരപ്പ ഇന്ന് ക്ഷേത്ര ദര്‍ശനം നടത്തി. ശിക്കാരിപൂരിലെ ശ്രീ ഹുച്ചരായ സ്വാമി ക്ഷേത്രത്തില്‍ കുടുംബ സമേതമാണ് ദര്‍ശനം നടത്തിയത്. മകന്‍ ബിവൈ വിജയേന്ദ്ര നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കി കാണുന്നത്. സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. ഭിന്നശേഷിക്കാര്‍ക്കും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണ്ണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടര്‍മാരും 4,699 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതല്‍ ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിയ്ക്കാണ് അവസാനിക്കുക.