ന്യൂഡല്‍ഹി: ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ പരിശോധനയാരംഭിച്ച് റായ്പുരിലെ കലിംഗ സര്‍വകലാശാല. കേരള സര്‍വകലാശാല അയച്ച രേഖകളാണ് പരിശോധിക്കുന്നത്. വ്യാജമെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ നിയമനടപടി തുടങ്ങുമെന്നു സര്‍വകലാശാല നേതൃത്വം മനോരമ ന്യൂസിനോട് പറഞ്ഞു.
കലിംഗയുടേതെന്ന പേരില്‍ വ്യാജരേഖകള്‍ പ്രചരിക്കുന്നതിനെതിരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. നിഖിലിനു കലിംഗയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ഇത്തരം റാക്കറ്റുകള്‍ വഴിയാണോ എന്ന് വ്യക്തമാകേണ്ടതുണ്ട്. നിഖില്‍ ഹാജരാക്കിയ രേഖകളെല്ലാം കേരള സര്‍വകലാശാല ഇ-മെയില്‍ വഴി കലിംഗയ്ക്കു കൈമാറി.
ഒരേ കാലയളവില്‍ വിദ്യാര്‍ഥി കേരള സര്‍വകലാശാലയിലും പഠിച്ചിരുന്നു എന്നതിന്റെ തെളിവും കൈമാറിയിട്ടുണ്ട്. ഈ രേഖകളുടെ പരിശോധനകള്‍ നടക്കുകയാണ്. സര്‍ട്ടഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞാല്‍ കലിംഗ നിയമനടപടികള്‍ തുടങ്ങും. ഇതാദ്യമായല്ല കലിംഗയ്ക്കെതിരെ പരാതി ഉയരുന്നത്. ബെംഗളൂരുവില്‍ പണം വാങ്ങി കലിംഗയുടെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിന് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ ജവാഹര്‍ലാല്‍ നെഹ്‌റു സാങ്കേതിക സര്‍വകലാശാല അധ്യാപക നിയമനം നടത്തുമ്പോള്‍ കലിംഗയടക്കം 6 സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ കലിംഗയിലെ ജീവനക്കാര്‍ക്കു പങ്കുണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.