പാലക്കാട്: അധ്യാപക നിയമനത്തിനായി വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ. വിദ്യയുടെ ശബ്ദരേഖ പരിശോധിക്കും. അട്ടപ്പാടി കോളജ് അധികൃതരുമായുള്ള ഫോണ്‍ സംഭാഷണമാണ് പരിശോധിക്കുക. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയപ്പോള്‍ കോളജ് അധികൃതര്‍ വിദ്യയെ വിളിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ശരിയാണോ എന്ന ചോദ്യത്തിന്, അല്ലെന്ന് ആര് പറഞ്ഞു എന്ന മറുചോദ്യമാണ് വിദ്യയുടെ ഭാഗത്തു നിന്നുണ്ടായത്.
മഹാരാജാസ് കോളജില്‍നിന്നാണു മറുപടി ലഭിച്ചതെന്നായിരുന്നു അധ്യാപകരുടെ മറുപടി. അതു പരിശോധിക്കട്ടെയെന്നു പറഞ്ഞ് ഉടനെ ഫോണ്‍ കട്ടായി. ഈ ശബ്ദരേഖയാണു പൊലീസിനു കൈമാറുന്നത്. ഈ വാചകങ്ങളടങ്ങിയ ഫോണ്‍ ശബ്ദരേഖയാണു പരിശോധിക്കുക. ഈ സംഭവത്തില്‍ നിലവില്‍ അന്വേഷണം മന്ദഗതിയിലാണ്.
ഹൈക്കോടതിയുടെ തീരുമാനമറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് പൊലീസ് കോളജില്‍നിന്ന് സിസിടവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.