തിരുവനന്തപുരം: ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി എല്‍ഡിഎഫ് കണ്‍വീനറും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍. ഇന്നലെ വൈകിട്ടായിരുന്നു മുഖ്യമന്ത്രി – ജയരാജന്‍ കൂടിക്കാഴ്ച. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കും. സിപിഎം സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട്ട് നടക്കുമ്പോള്‍ അതൊഴിവാക്കിയ ജയരാജന്‍, തിരുവനന്തപുരത്തു ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെയാണ് ജയരാജന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നത് ശ്രദ്ധേയം.
ജയരാജന്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുന്നു എന്ന അമര്‍ഷത്തിലാണ് സിപിഎം. പാര്‍ട്ടിയില്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായതു മുതല്‍ നിസ്സഹകരണം തുടരുന്ന ജയരാജന്‍, ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടത്തുന്ന പ്രധാന രാഷ്ട്രീയ നീക്കത്തിലും അതാവര്‍ത്തിച്ചു. ഇതിലുള്ള അതൃപ്തി ഗോവിന്ദന്‍ കോഴിക്കോട്ടു പ്രകടിപ്പിച്ചിരുന്നു. കോഴിക്കോട്ട് സെമിനാര്‍ പുരോഗമിക്കുമ്പോള്‍, തിരുവനന്തപുരം മംഗലപുരത്തു ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയുടെ ‘സ്‌നേഹവീട്’ സമര്‍പ്പണച്ചടങ്ങിലാണു ജയരാജന്‍ പങ്കെടുത്തത്.
എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ മലബാര്‍ മേഖലയിലാകെ ജയരാജന്‍ വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. പിന്നീട് പാര്‍ട്ടി കമ്മിറ്റികളിലും പങ്കെടുക്കാതായി. ഏപ്രില്‍ അഞ്ചിനാണ് അവസാനമായി എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. അതേസമയം, 22നു നിശ്ചയിച്ചിരിക്കുന്ന അടുത്ത യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഏക വ്യക്തി നിയമത്തിനെതിരെയുള്ള പ്രചാരണ പരിപാടികള്‍ തീരുമാനിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ ഇ.പി.ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ചികിത്സാര്‍ഥമുള്ള അവധിയാണ് കാരണം പറഞ്ഞത്. സെമിനാറില്‍ എല്‍ഡിഎഫിലെ ആരെയെല്ലാം ക്ഷണിക്കണം എന്നതു സംബന്ധിച്ച കൂടിയാലോചനകളിലും കണ്‍വീനര്‍ ഉണ്ടായിരുന്നില്ല. ഇതുകൊണ്ടെല്ലാം തന്നെ ജയരാജനെ സെമിനാറിലേക്ക് പാര്‍ട്ടി നേതൃത്വം പ്രത്യേകമായി ക്ഷണിച്ചുമില്ല. ചികിത്സ മൂലം പാര്‍ട്ടി യോഗങ്ങളില്‍ പോലും പങ്കെടുക്കാതിരിക്കുന്ന നേതാവിനെ എങ്ങനെ പൊതുപരിപാടിക്കു വിളിക്കുമെന്ന ന്യായമാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നത്. എന്നാല്‍, തലേന്നു നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാതെ, സെമിനാര്‍ ദിവസം തലസ്ഥാനത്തെത്തി വാര്‍ത്ത സൃഷ്ടിച്ചത് നിഷ്‌കളങ്കമായി നേതാക്കള്‍ കരുതുന്നില്ല.
അതേസമയം, പാര്‍ട്ടി സെമിനാറിനെ കളങ്കപ്പെടുത്താനാണു വിവാദമുണ്ടാക്കുന്നതെന്ന നിലപാടിലാണ് ജയരാജന്‍. ‘ഞാന്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നു ചിലരങ്ങു തീരുമാനിക്കുകയാണ്. അവിടെ പ്രസംഗിക്കാന്‍ നിശ്ചയിച്ചവരുടെ കൂട്ടത്തില്‍ എന്റെ പേരില്ല. ഡിവൈഎഫ്‌ഐ പരിപാടിക്ക് ഒരു മാസം മുന്‍പേ ക്ഷണിച്ചതാണ്. വെള്ളിയാഴ്ച വരെ ആയുര്‍വേദ ചികിത്സയിലായിരുന്നിട്ടും ഇവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണു വന്നത്.’ – ഇതായിരുന്നു ജയരാജന്റെ പ്രതികരണം.