ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു പേരിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് അറിയപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരു മാറ്റിയതിനോടായിരുന്നു രാഹുലിന്റെ പ്രതികരണം.
രാജ്യത്തിന്റെ 77ാമത് സ്വാതന്ത്ര്യദിനത്തിലാണ് നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയെന്നാക്കിയത്. കോണ്‍ഗ്രസിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പേര് മാറ്റല്‍. നെഹ്റുവിന്റെ പാരമ്പര്യം തകര്‍ക്കാനാണ് നരേന്ദ്ര മോദിക്ക് താത്പര്യമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ‘ജനാധിപത്യവത്കരണത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും ഭാഗമായാണ് പേര് മാറ്റമെന്നായിരുന്നു മ്യൂസിയത്തിന്റെ വൈസ് ചെയര്‍മാന്‍ എ സൂര്യ പ്രകാശ് പ്രതികരിച്ചത്.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവന്‍ ഉള്‍പ്പെടുന്ന നെഹ്റു മെമ്മോറിയല്‍ മ്യൂസിയം വിപുലീകരിച്ചാണ് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയാക്കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു മ്യൂസിയത്തിന്റെ ഉദ്ഘാടനം. 1948 ഓഗസ്റ്റ് മുതല്‍ 1964 മേയ് 27വരെ പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീന്‍ മൂര്‍ത്തി ഭവന്‍.
ആധുനികവും സമകാലികവുമായ ഇന്ത്യ എന്ന വിഷയത്തെക്കുറിച്ചുള്ള നൂതന ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് സ്വയംഭരണ സ്ഥാപനമായി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സ്ഥാപിച്ചത്. 1964 നവംബര്‍ 14ന്, നെഹ്റുവിന്റെ 75-ാം ജന്മവാര്‍ഷികത്തില്‍ അന്നത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണനായിരുന്നു മ്യൂസിയം ഉദ്ഘാടനം ചെയ്തത്.