കോട്ടയം: കേരളമേകിയ അത്യപൂര്‍വ യാത്രമൊഴി ഏറ്റുവാങ്ങി മടങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇനി ജനകോടികളുടെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മ. മൂന്നു ദിവസമായി കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദര്‍ശനങ്ങള്‍ക്കും സുദീര്‍ഘമായ വിലാപയാത്രയ്ക്കുമൊടുവില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ കേരളത്തിന്റെ പ്രിയ നേതാവിന് അന്ത്യവിശ്രമം. തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും പുതുപ്പള്ളി പള്ളിയിലെത്തിച്ച മൃതദേഹത്തില്‍, അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം ദിനം രാത്രി വൈകിയും അന്ത്യാഞ്ജലി അര്‍പ്പിച്ചത് നൂറുകണക്കിന് ആളുകള്‍. പ്രിയനേതാവിന്റെ മൃതദേഹം കല്ലറയില്‍ വയ്ക്കുമ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സജീവമായിരുന്നു.
എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങള്‍ നിറകണ്ണുകളോടെ ആംബുലന്‍സിനൊപ്പം നടന്നെത്തി. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയും വിലാപയാത്രയുടെ ഭാഗമായി. ഇതിനു ശേഷമായിരുന്നു അവസാന ഘട്ട പൊതുദര്‍ശനം. തുടര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നടത്തിയ അന്തിമ സംസ്‌കാര ശുശ്രൂകള്‍ക്കു ശേഷമായിരുന്നു സംസ്‌കാരം.
ആയിരക്കണക്കിന് ആളുകളുടെ പരാതികള്‍ക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദര്‍ശനവും പ്രാര്‍ഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ വിലാപ യാത്രയില്‍ പങ്കെടുത്തു. അക്ഷരനഗരിയില്‍ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജംഗ്ഷനിലെത്തിയത്.
നേരത്തെ, പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരുനക്കരയിലെത്തി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.