ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ കഞ്ചാവ് തോട്ടം ദേശീയ ശ്രദ്ധ നേടുന്നു. ലഹരിക്കായല്ല ഔഷധ നിര്‍മ്മാണത്തിനായാണ് കനേഡിയന്‍ കമ്പനിയുമായി സഹകരിച്ചുള്ള പുതിയ പദ്ധതി. ജമ്മുകശ്മീരിലെ കഞ്ചാവ്‌തോട്ടത്തിലെ പുരോഗതി അടുത്തിടെയാണ് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയത്. ഇന്ത്യയിലെ ഇത്തരത്തിലെ ആദ്യ കഞ്ചാവ് തോട്ടമാണ് കശ്മീരിലേത്.
നിരവധിയാളുകളെ ലഹരിയിലേക്ക് തള്ളിവിടുന്ന കഞ്ചാവ് ഉപയോഗിച്ച് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തോട്ടത്തിന്റെ പ്രവര്‍ത്തനം. ജമ്മുകാശ്മീരിലെ ചാത്തയിലാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കഞ്ചാവ്‌തോട്ടം സ്ഥിതി ചെയ്യുന്നത്. സിഎസ്‌ഐആറിന്റെയും ജമ്മു ഐഐഎമ്മിന്റെയും ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സംരക്ഷിത ഭൂമിയിലാണ് കന്നബിസ് റിസര്‍ച്ച് പ്രൊജക്ട് പുരോഗമിക്കുന്നത്.
കനേഡിയന്‍ കമ്പനിയായ ഇന്‍ഡസ് സ്‌കാനുമായി കരാറുണ്ടാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഗവേഷണ പദ്ദതി നടപ്പാക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ദതിയെന്നും, നിര്‍ണായക ചുവടുവയ്പ്പാണിതെന്നും കഞ്ചാവ് തോട്ടം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ലഹരി ഉപയോഗം ജമ്മു കശ്മീരിനേയും പഞ്ചാബിനേയും സാരമായി ബാധിച്ചിട്ടുണ്ട്. ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള ഈ പദ്ധതി ലഹരിയുടെ ദുരുപയോഗത്തേക്കുറിച്ചുള്ള ബോധവല്‍ക്കരണം കൂടി ലക്ഷ്യമിടുന്നുവെന്നാണ് കേന്ദ്ര മന്ത്രി വിശദമാക്കുന്നത്.
വലിയ രീതിയിലുള്ള നിക്ഷേപമാണ് പദ്ധതിയിലൂടെ ജമ്മു കശ്മീരിലെത്തുകയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. നാഡീരോഗങ്ങള്‍ക്കും ജീവിത ശൈലീ രോഗങ്ങള്‍ക്കുമുള്ള മരുന്ന് കഞ്ചാവിലൂടെ വികസിപ്പിക്കാനാണ് ശ്രമം. കയറ്റുമതി ചെയ്യാനാവുന്ന മരുന്നുകള്‍ കഞ്ചാവില്‍നിന്നും തയ്യാറാക്കുകയാണ് ലക്ഷ്യം. ഇത്തരം മരുന്നുകള്‍ക്കുവേണ്ട പല ഘടകങ്ങളും കഞ്ചാവ് ചെടിയിലുണ്ടെന്ന് നേരത്തെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പദ്ദതിയിലൂടെ കോടികളുടെ വരുമാനവും വിദേശ കമ്പനികളുടെയടക്കം നിക്ഷേപവും കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്. 1985 ലാണ് ഇന്ത്യയില്‍ കഞ്ചാവ് കൃഷിയും ഉപയോഗവും നിരോധിച്ചത്.
ജമ്മുകാശ്മീരിന് പിന്നാലെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഔഷധ നിര്‍മ്മാണത്തിനും മറ്റുമായി കഞ്ചാവ് ഉപയോഗപ്പെടുത്തുന്നതിന് നയം രൂപീകരിക്കാന്‍ നടപടിയാരംഭിച്ചിട്ടുണ്ട്. പദ്ദതിയുടെ ഭാഗമായുള്ള ആദ്യ തോട്ടമാണ് ജമ്മുവിലേത്, വിജയിച്ചാല്‍ മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ കഞ്ചാവ് പൂത്ത് തളിര്‍ക്കുമെന്ന് ചുരുക്കം.