കോട്ടയം : പുതുപ്പള്ളിയിലെ ഇടതുസ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവില്‍ നിന്നും കിട്ടിയ കുടുംബ സ്വത്ത് മാത്രമാണെന്നും സമൂഹമാധ്യമങ്ങളിലടക്കമുള്ളത് അനാവശ്യ പ്രചാരണങ്ങളെന്നും സഹോദരന്‍ തോമസ് സി തോമസ്. ജെയ്ക്ക് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് സ്വത്ത് ഭാഗം വെച്ചിരുന്നില്ല. ഈയടുത്താണ് സ്വത്ത് വീതം വെച്ചത്. അത് കൊണ്ടാണ് ഈ തെരഞ്ഞെടുപ്പായപ്പോള്‍ ജെയ്ക്കിന്റെ കൈവശമുള്ള സ്വത്ത് കൂടിയത്. ഹൈവെ സൈഡില്‍ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികം ആണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെയടക്കം അനാവശ്യപ്രചാരണമുണ്ടായി. കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തില്‍ മാനസിക പ്രയാസമുണ്ടെന്നും തോമസ് സി തോമസ് പറഞ്ഞു.
27,98,117 രൂപയാണ് ജെയ്ക് സി തോമസിന് സമ്പാദ്യമായിട്ടുള്ളതെന്നാണ് നാമനിര്‍ദ്ദേശ പത്രികയിലുള്ളത്. പണമായി കൈയിലും ബാങ്കിലുമായി 1,07, 956 രൂപയുണ്ട്. ഭാര്യയുടെ പക്കല്‍ പണവും സ്വര്‍ണവുമായി 5,55,582 രൂപയുമുണ്ട്. 7,11,905 രൂപ ബാധ്യതയുമുണ്ട്.
ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്ക്ക് ഉള്‍പ്പടെ പറഞ്ഞതെന്നും പക്ഷെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ മിണ്ടാതിരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് സഹോദരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയതെന്നും ഇന്നലെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.