തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ഘടകക്ഷിയായ സിപിഐ രംഗത്ത്. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി ആണ് എതിര്‍പ്പ് പരസ്യമാക്കിയിരിക്കുന്നത്. കള്ള് ചെത്ത് സംബന്ധിച്ച പുതിയ തീരുമാനങ്ങളിലാണ് എഐടിയുസിക്ക് എതിര്‍പ്പ്.
ഇന്നലെയാണ് മന്ത്രിസഭായോഗം പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്. കള്ള് ചെത്ത് മേഖലയെ ബാധിക്കുന്ന ചില നിര്‍ദേശങ്ങള്‍ പുതിയ മദ്യനയത്തിലുണ്ട്. ഒന്ന് കള്ള ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇങ്ങനെ ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നതിനൊപ്പം, വിദേശ മദ്യ ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് അവരുടെ വളപ്പിലുള്ള തെങ്ങ് ചെത്തി കള്ള് വില്‍ക്കാമെന്നുള്ള അനുമതിയും നല്‍കുന്നതാണ് പുതിയ മദ്യനയം. റിസോര്‍ട്ടുകള്‍ക്കും ഈ രീതിയില്‍ കള്ള് ചെത്തി വില്‍ക്കാന്‍ അനുമതിയുണ്ട്. ഇങ്ങനെ കള്ള് ചെത്ത് വ്യാപിപ്പിക്കുന്നതിനാണ് തൊഴിലാളി സംഘടനയായ എഐടിയുസി എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
തൃശ്ശൂരിലെ അന്തിക്കാട് അടക്കം കള്ള് ചെത്ത് മേഖലയില്‍ വലിയ സ്വാധീനമാണ് സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിക്കുള്ളത്. കള്ള് ചെത്ത് മേഖലയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും വേണ്ടിയാണെങ്കില്‍ നേരത്തെ പ്രഖ്യാപിച്ച ടോഡി ബോര്‍ഡിന്റെ രൂപീകരണം നടത്തുകയാണ് വേണ്ടതെന്നാണ് എഐടിയുസി ആവശ്യപ്പെടുന്നത്. റിസോര്‍ട്ടുകള്‍ക്കും മറ്റും കള്ള് ചെത്താനുള്ള അനുമതി കൊടുക്കുന്നത് തൊഴിലാളികളോട് കാട്ടുന്ന അനീതിയാണെന്നും സംഘടന പറയുന്നു.