തിരുവനന്തപുരം: ഓണക്കാലത്ത് ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ മദ്യം വില്‍ക്കുമ്പോള്‍ ജവാന്‍ റമ്മിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് നിര്‍ദേശം. ഉപഭോക്താവ് മദ്യബ്രാന്‍ഡിന്റെ പേര് പറഞ്ഞില്ലെങ്കില്‍ ജവാന്‍ നല്‍കണം. തിരുവല്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് ജവാന്‍ റം ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെ 8,000 കേയ്‌സ് ജവാന്‍ മദ്യമാണ് പ്രതിദിനം ഉല്‍പ്പാദിപ്പിച്ചിരുന്നത്. പുതിയ ഉല്‍പ്പാദന ലൈനുകള്‍ സ്ഥാപിച്ചതോടെ 12,000 കെയ്‌സ് മദ്യമാണ് പ്രതിദിന ഉല്‍പ്പാദനം.
ഡിജിറ്റല്‍ പേയ്‌മെന്റ് കൂടുതലായി നടത്തുന്ന 3 ഷോപ്പുകള്‍ക്ക് അവാര്‍ഡ് നല്‍കാനും ബവ്‌റിജസ് കോര്‍പറേഷന്‍ തീരുമാനിച്ചു. കാര്‍ഡ്, യുപിഐ, ഗൂഗൂള്‍പേ, പേടിഎം അടക്കമുള്ള സര്‍വീസുകള്‍ ലഭ്യമാണെന്ന് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. ആവശ്യത്തിന് മദ്യം സ്റ്റോക്കുണ്ടെന്ന് ഷോപ്പ് മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. ഒരു പ്രത്യേക ബ്രാന്‍ഡ് മാത്രം വില്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടാകരുത്. തുടര്‍ച്ചയായ ബാങ്ക് അവധി വരുന്നതിനാല്‍ 25ന് വൈകിട്ട് 3 മണിക്ക് ഔട്ട്‌ലറ്റുകളില്‍നിന്നുള്ള പണം ബാങ്കില്‍ അടയ്ക്കണം. 28 വരെയുള്ള പണം വെയര്‍ഹൗസുകളില്‍ സൂക്ഷിക്കണം. പണം കൊണ്ടുപോകുന്നതിനായി വാഹനം ഏര്‍പ്പെടുത്തണം.
മദ്യക്കുപ്പികളില്‍ സുരക്ഷാ ലേബലുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നിര്‍മിച്ച് ആറുമാസത്തിലധികമായ വിലകുറഞ്ഞ മദ്യം രാസ പരിശോധനയ്ക്ക് വിധേയമാക്കണം. ഉപയോഗശൂന്യമായ മദ്യം വില്‍ക്കരുത്. കൃത്യമായ കാരണമില്ലാതെ ഉത്സവ സീസണില്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കരുത്. അനുവാദമില്ലാതെ ജോലിയില്‍നിന്ന് വിട്ടുനിന്നാല്‍ അച്ചടക്ക നടപടികള്‍ക്കൊപ്പം ആ ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാനും നിര്‍ദേശം നല്‍കി.