ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.
‘ഓഗസ്റ്റ് 16 മുതല്‍, സ്വാതന്ത്ര്യത്തിന്റെ 75 മുതല്‍ 100 വര്‍ഷം വരെയുള്ള പാതയിലേക്ക് കടക്കുകയാണ്. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ഐപിസി (1857), സിആര്‍പിസി (1858), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് (1872) എന്നിവ അവസാനിപ്പിക്കുന്നത്’, അമിത് ഷാ പറഞ്ഞു.
അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ അവയുടെ സ്ഥാനത്ത് തങ്ങള്‍ മൂന്ന് പുതിയ നിയമങ്ങള്‍ കൊണ്ടുവരും. ശിക്ഷയല്ല നീതി നല്‍കാനാണ് അത് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. ക്രിമിനല്‍ നിയമങ്ങളിലെ അടിമത്തത്തിന്റെ 475 അടയാളങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളിപ്പോള്‍ ഭയപ്പാടോടെയാണ് കോടതിയില്‍ പോകുന്നത്. കോടതിയില്‍ പോകുന്നത് ശിക്ഷയാണെന്നാണ് അവര്‍ കരുതുന്നതും ഷാ പറഞ്ഞു.