മുവാറ്റുപുഴ: സ്വകാര്യ കമ്പനിയില്‍നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു. പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നു കോടതി വ്യക്തമാക്കി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് തുടങ്ങി 12 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വന്‍ തുക കൈക്കൂലിയായി നല്‍കിയതിലൂടെ കരിമണല്‍ കമ്പനിക്ക് അനര്‍ഹമായ നേട്ടവും പ്രത്യേക അവകാശവും പരിഗണനയും സര്‍ക്കാരില്‍ നിന്നു ലഭിച്ചെന്നും എതിര്‍കക്ഷികളില്‍ 4 പേര്‍ നിയമസഭ അംഗങ്ങളായിരുന്നെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണു ഹര്‍ജിയിലെ ആവശ്യം.