കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നോട്ടിസ് പ്രകാരം 23ന് സുധാകരന്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അറസ്റ്റുണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനാണു ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടത്. മുന്‍ ഐജി ലക്ഷ്മണയ്ക്കും ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, ഉന്നത ഉദ്യോഗസ്ഥര്‍ മോന്‍സനൊപ്പമുള്ള ചിത്രങ്ങളും സുധാകരന്‍ കോടതിക്ക് കൈമാറി. ഡിജിപി അനില്‍കാന്ത്, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവര്‍ മോന്‍സന്‍ മാവുങ്കലുമൊത്തുള്ള ചിത്രങ്ങളാണ് സുധാകരന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇവര്‍ മോന്‍സന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്ന് സുധാകരന്‍ കോടതിയെ അറിയിച്ചു.
നിരപരാധിയെങ്കില്‍ സുധാകരന്‍ എന്തിനു ഭയപ്പെടുന്നുവെന്ന് വാദമധ്യേ സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചിരുന്നു. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് സുധാകരന് നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. താന്‍ നിരപരാധിയാണെന്നും, രാഷ്ട്രീയപ്രേരിതമായാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ കോടതിയെ സമീപിച്ചത്.
ക്രൈംബ്രാഞ്ച് കേസിനെതിരെ സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരുന്ന നിയമോപദേശം. മോന്‍സന്റെ തട്ടിപ്പിന് ഇരയായ ഹര്‍ജിക്കാര്‍ നല്‍കിയ ശബ്ദസന്ദേശങ്ങളും രേഖകളും അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കി തെളിവായി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഒരാഴ്ചയ്ക്കകം ലഭിക്കും.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘം ഹാജരാക്കുന്ന തെളിവുകള്‍ കോടതി ശരിവച്ചാല്‍ സുധാകരന്റെ ചോദ്യം ചെയ്യലോ അറസ്റ്റോ ഇല്ലാതെ തന്നെ ക്രൈംബ്രാഞ്ചിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്താന്‍ 150 ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതായാണ് വിവരം. വരുന്ന വെള്ളിയാഴ്ചയാണു സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായാണു കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന്റെ മൊഴി വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റം രേഖപ്പെടുത്തിയത്.
സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് കേസില്‍ അദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതെന്ന നിലപാട് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു. പോക്‌സോ കേസ് സംബന്ധിച്ചു സുധാകരനെതിരായ മൊഴികളോ തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ജയിലില്‍നിന്നു മോന്‍സന്‍ പലതവണ സുധാകരനെ ഫോണില്‍ വിളിച്ചതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യം ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടില്ല.