ബംഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.
ബംഗളൂരുവിലെത്തി നേരില്‍ കണ്ട് അഭിനന്ദിച്ച ശേഷം അവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ വികാരഭരിതനായി. ഇന്ത്യ ചന്ദ്രനോളമെത്തിയെന്നും രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു
‘ഞാന്‍ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാല്‍ എന്റെ മനസ്സ് നിങ്ങള്‍ക്കൊപ്പമായിരുന്നു. ഇന്ത്യ ചന്ദ്രനോളമെത്തി, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയര്‍ന്നു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തില്‍ സന്തോഷിക്കും. വലിയ ശാസ്ത്ര സമസ്യകള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഓരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു. നിങ്ങള്‍ ഒരു തലമുറയെ മുഴുവന്‍ ഉണര്‍ത്തുകയും അവരില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുകയും ചെയ്തു.
വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സ്പര്‍ശിച്ച സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടും. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമായി മാറും. ശിവശക്തി എന്നതിലെ ശക്തി സ്ത്രീ ശാസ്ത്രജ്ഞരുടെ പ്രചോദനം, ശാക്തീകരണം, കഠിനാധ്വാനം എന്നിവയിലൂടെ ഉരുത്തിരിഞ്ഞതാണ്. 2019ല്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ സ്ഥലം ‘തിരംഗ പോയിന്റ്’ എന്നും അറിയപ്പെടും. അന്ന് ഈ സ്ഥലത്തിന് പേരു നല്‍കാതിരുന്നത് അത് ഉചിതമായ സമയമല്ല എന്ന് തോന്നിയിട്ടാണ്. എന്നാല്‍ ഇന്ന് ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാകുമ്പോള്‍, ചന്ദ്രയാന്‍ 2 അതിന്റെ അടയാളം കുറിച്ച സ്ഥലത്തിന് പേരു നല്‍കുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. ഇപ്പോള്‍ ‘ഹര്‍ ഘര്‍ തിരംഗ’ എന്ന പദ്ധതി നടന്നുകൊണ്ടിരിക്കെ ചന്ദ്രനിലും നമ്മുടെ പതാക ഉയര്‍ന്നു നില്‍ക്കവേ ‘തിരംഗ പോയിന്റ്’ എന്നതു തന്നെയാണ് ഉചിതമായ നാമം.
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയം അടയാളപ്പെടുത്തുന്നതിനായി, ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത ഓഗസ്റ്റ് 23 രാജ്യം ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ഇത് ശാസ്ത്രവും സാങ്കേതിക വിദ്യയും ആഘോഷിക്കേണ്ട ദിനമാകും, വരാനിരിക്കുന്ന തലമുറയ്ക്ക് പ്രചോദനമേകുന്ന ദിനമാകണം.’-മോദി പറഞ്ഞു.
ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കില്‍ (ഇസ്ട്രാക്) എത്തിയ മോദിയെ ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു മോദി. ഇസ്രോയുടെ ശാസ്ത്രനേട്ടത്തില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ ചാലകശക്തിയെന്ന് മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയെ അറിയിക്കും.