ബാര്‍ബഡോസ്: ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്ക് ഇന്ത്യ ആതിഥേയരെ തോല്‍പ്പിച്ചിരുന്നു. ഇന്നത്തെ മത്സരത്തിലും തുടര്‍ജയം കണ്ടെത്തി പരമ്പര സ്വന്തമാക്കാനായിരിക്കും രോഹിതും സംഘവും ഇറങ്ങുക.
ആദ്യ മത്സരത്തില്‍ ടീമിലിടം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏകദിന മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന സൂര്യകുമാര്‍ യാദവാണ് സഞ്ജുവിന് പകരം ഒന്നാം ഏകദിനത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കാതിരുന്നതും സൂര്യകുമാര്‍ യാദവിന് തിളങ്ങാന്‍ കഴിയാതിരുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിരാട് കോഹ്ലിയുടെ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം 25 പന്തുകളില്‍ 19 റണ്‍സെടുത്ത് പുറത്തായി. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് രോഹിത് ശര്‍മ തയ്യാറായാല്‍ സഞ്ജു ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കും. അതേസമയം ഇന്നത്തെ മത്സരത്തിലും അവസരമില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് അവസരം പോലും തുലാസിലായേക്കും.
യുവതാരം ശുഭ്മന്‍ ഗില്ലിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഐപിഎല്ലിലെ മികച്ച ഫോം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും വിന്‍ഡീസിനെതിര നടന്ന ടെസ്റ്റ് പരമ്പരയിലും ആദ്യ ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ഗില്ലിന് ഇന്നത്തെ മത്സരത്തില്‍ താളം കണ്ടെത്തിയേ മതിയാകൂ. അതേസമയം രണ്ടാം മത്സരത്തില്‍ മൂന്നാം സ്പിന്നര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനാണ് സാധ്യത എന്നിരിക്കെ ഷര്‍ദ്ദുല്‍ താക്കൂറിന് പകരം യുസ്വേന്ദ്ര ചഹലിനോ അക്സര്‍ പട്ടേലിനോ അവസരം ലഭിക്കും. പേസര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യയും മുകേഷ് കുമാറും തുടരാനാണ് സാധ്യത.
വ്യാഴാഴ്ച നടന്ന ആദ്യ ഏകദിനമത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ആതിഥേയര്‍ ഉയര്‍ത്തിയ 115 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. വിരാട് കോഹ്ലി ക്രീസിലിറങ്ങാതിരുന്ന മത്സരത്തില്‍ ഓപ്പണറായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴാമനായാണ് ക്രീസിലെത്തിയത്. ബൗളിംഗില്‍ മൂന്ന് ഓവറില്‍ വെറും ആറ് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ അര്‍ധസെഞ്ച്വറി നേടി ഇഷാന്‍ കിഷന്‍ താരമായി.