ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ – പാക്കിസ്താന്‍ മത്സരം ഒരു ദിവസം നേരത്തെ നടത്തുവാന്‍ തീരുമാനം. ഒക്ടോബര്‍ 15 നാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. അന്ന് ഇന്ത്യയില്‍ നവരാത്രി ദിനമായതുകൊണ്ടാണ് ലോകകപ്പ് മത്സരം മാറ്റുവാന്‍ തീരുമാനിച്ചത്. ഇന്ത്യയുമായുള്ള മത്സരതീയതി മാറ്റുന്നതില്‍ ഇന്ത്യയും പാക്കിസ്താനും ഐസിസിയും തമ്മില്‍ ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തീയതിയില്‍ മാറ്റം വന്നാലും അഹമ്മദാബാദ് തന്നെയാവും ഇന്ത്യ – പാക് മത്സരത്തിന്റെ വേദി.
മത്സരക്രമം മാറ്റുമ്പോള്‍ ഒക്ടടോബര്‍ 12 ന് നിശ്ചയിച്ചിരുന്ന ശ്രീലങ്ക പാക്കിസ്താന്‍ മത്സരം 10-ാം തീയതി നടത്തും. പുതുക്കിയ മത്സരക്രമം ഉടന്‍ തന്നെ ഐസിസി പുറത്തുവിടും. മറ്റ് ടീമുകളുടെ മത്സരങ്ങളെ ബാധിക്കാത്ത രീതിയില്‍ തീയതി പ്രഖ്യാപിക്കാനാണ് ഐസിസി നീക്കം. ലോകകപ്പ് വേദികളില്‍ പാക്കിസ്താന്‍ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും വേദിക്ക് മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. വേദികളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പോകുവാന്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല.
ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലത്തെ ചാമ്പ്യന്മാരായ ഇം?ഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. 10 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 19നാണ് ലോകകപ്പിലെ കലാശപ്പോരാട്ടം നടക്കുക.