മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ പ്രമേയം പാസാക്കി ഇന്ത്യ മുന്നണി. കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കും. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കും. ജനകീയ വിഷയം ഉയര്‍ത്തി രാജ്യമാകെ റാലി നടത്തുമെന്നും ഇന്ത്യ സഖ്യം അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ മംബൈയില്‍ ചേര്‍ന്ന മൂന്നാം യോഗത്തിലാണ് തീരുമാനം.’ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ'(ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാകും പ്രചാരണ മുദ്രേവാക്യം
ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് 14 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കു രൂപം നല്‍കി. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും അംഗങ്ങളല്ല. കോണ്‍ഗ്രസില്‍ നിന്ന് കെ.സി.വേണുഗോപാല്‍, സിപിഐയില്‍ നിന്ന് ഡി.രാജ എന്നിവര്‍ ഉള്‍പ്പെട്ടപ്പോള്‍ സിപിഎം അംഗത്തെ പിന്നീട് നിര്‍ദേശിക്കുമെന്ന് അറിയിച്ചു.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‌വാദി പാര്‍ട്ടിയുടെ ജാവേദ് അലി ഖാന്‍, ജെഡിയുവിന്റെ ലല്ലന്‍ സിങ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപിയുടെ മെഫ്ബൂബ മുഫ്തി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഈ 13 അംഗ കമ്മിറ്റി ഇന്ത്യ മുന്നണിയുടെ ഉന്നതാധികാര സമിതിയായി പ്രവര്‍ത്തിക്കും. നിലവില്‍ കണ്‍വീനര്‍ ഇല്ല, കണ്‍വീനര്‍ വേണമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും മുന്നണി വൃത്തങ്ങള്‍ അറിയിച്ചു. മുന്നണിയുടെ ലോഗോ പീന്നീട് പ്രകാശനം ചെയ്യും. സെപ്റ്റംബര്‍ 30 ഓടെ സീറ്റ് വിഭജനം കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് വിവരം.