തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മൈക്കില്‍ തടസ്സമുണ്ടായ സംഭവത്തില്‍ കേസ് അവസാനിപ്പിച്ചു. മൈക്കിന്റെ സാങ്കേതിക പ്രശ്‌നമാണ് തടസ്സത്തിന് കാരണമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 25ന് വൈകിട്ട് അയ്യന്‍കാളി ഹാളില്‍നടന്ന പരിപാടിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ 15 മിനിറ്റാണ് മൈക്കില്‍നിന്ന് മുഴക്കം കേട്ടത്. 26ന് ഉച്ചയോടെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൈക്ക് ഓപ്പറേറ്ററായ എസ്.രഞ്ജിത്തില്‍നിന്ന് മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ മൈക്ക് പരിശോധിച്ചു. നാണക്കേടായതിനെ തുടര്‍ന്ന് തുടര്‍നടപടി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കേബിള്‍ വലിഞ്ഞതു കൊണ്ടുണ്ടായ സ്വാഭാവിക മുഴക്കമെന്നായിരുന്നു ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇന്നലെ ഉച്ചയോടെ ഉപകരണങ്ങള്‍ മൈക്ക് സെറ്റ് ഓപ്പറേറ്റര്‍ക്ക് കൈമാറി.
പൊതുസുരക്ഷയെ ബാധിക്കും വിധം ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പാണ് ചുമത്തിയത്. സാങ്കേതിക തകരാറാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍, വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന യോഗങ്ങളിലെ മൈക്കും ഉപകരണങ്ങളും പൊലീസ് പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി പ്രത്യേകം മാനദണ്ഡം രൂപീകരിക്കും. മൈക്ക് പരിപാടിക്ക് മുന്‍പായി സൂക്ഷിക്കുന്നത് പൊലീസ് നിര്‍ദേശപ്രകാരമായിരിക്കും. പ്രധാനമന്ത്രിക്കും രാഹുല്‍ഗാന്ധിക്കും പരിപാടികള്‍ക്കായി മൈക്ക് നല്‍കിയ ഓപ്പറേറ്ററാണ് എസ് രഞ്ജിത്ത്. ആളുകളുടെ തിരക്കിനിടയില്‍ കേബിളില്‍ തട്ടിയാണ് ശബ്ദം ഉണ്ടായതെന്ന് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.