ഭോപ്പാല്‍: ജലസംഭരണിയില്‍ വീണ വിലകൂടിയ ഫോണ്‍ എടുക്കാന്‍ 21 ലക്ഷം ലീറ്റര്‍ വെള്ളം വറ്റിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനില്‍നിന്ന് പണം ഈടാക്കാന്‍ സര്‍ക്കാര്‍. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥനും ഫോണിന്റെ ഉടമയുമായ രാജേഷ് വിശ്വാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഉപയോഗശൂന്യമെന്നു കാണിച്ച് വെള്ളംവറ്റിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയ സബ് ഡിവിഷനല്‍ ഓഫിസര്‍ ആര്‍.കെ.ധിവാറില്‍നിന്ന് പണം ഈടാക്കാനാണു നീക്കം. വേനല്‍ക്കാലത്ത് ജലസേചനത്തിനും മറ്റുമായി ശേഖരിച്ചിരുന്ന വെള്ളമാണു പാഴാക്കിയത്. ശമ്പളത്തില്‍നിന്നു വെള്ളത്തിന്റെ തുക ഈടാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാണ് ഇന്ദ്രാവതി പ്രൊജക്ട് സൂപ്രണ്ട് എന്‍ജിനീയര്‍ ധിവാറിന് അയച്ച കത്തിലുള്ളത്.
അവധിക്കാലം ആഘോഷിക്കാന്‍ ഖേര്‍കട്ട അണക്കെട്ടിന്റെ ജലസംഭരണിയായ പാറല്‍ക്കോട്ട് റിസര്‍വോയര്‍ പരിസരത്ത് എത്തിയതായിരുന്നു രാജേഷ്. കൂട്ടുകാരുമൊത്ത് സെല്‍ഫി എടുക്കുന്നതിനിടെ, ഒരു ലക്ഷം രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ വെള്ളത്തില്‍ വീണു. നാട്ടുകാര്‍ ഫോണിനായി വെള്ളത്തില്‍ തിരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്നാണ് മൂന്നുദിവസം കൊണ്ട് 21 ലക്ഷം ലീറ്റര്‍ വെള്ളം ഒഴുക്കി കളഞ്ഞത്. 1,500 ഏക്കര്‍ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്.
പരാതിയെ തുടര്‍ന്ന് ജലവകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പമ്പിങ് തടഞ്ഞു. ഔദ്യോഗിക വിവരങ്ങള്‍ അടങ്ങുന്ന ഫോണ്‍ ആയതിനാലാണ് എടുക്കാന്‍ തീരുമാനിച്ചതെന്നാണു രാജേഷ് പറയുന്നത്. ഫോണ്‍ ലഭിച്ചെങ്കിലും മൂന്നുദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ ഉപയോഗശൂന്യമായ നിലയിലാണ്. അഞ്ചടി വരെ വെള്ളം വറ്റിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നെങ്കിലും അതിലേറെ വെള്ളം പുറത്തേക്ക് ഒഴുക്കിയെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.