കൊച്ചി: പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പാസായവരുടെ പട്ടികയില്‍ വന്നത് വിവാദമാകുന്നു. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്റേണല്‍ എക്‌സറ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. എസ്എഫ്‌ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി. സ്വയംഭരണ കോളേജാണ് മഹാരാജാസെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്‌റ്റ്വെയറിലെ വീഴ്ചയാണിതെന്നാണെന്നാണ് സംഭവത്തേക്കുറിച്ച് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു
റിസള്‍ട്ട് വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു.
എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താന്‍ എഴുതിയിട്ടില്ലെന്ന് ആര്‍ഷോ മനോരമ ന്യൂസിനോടു പറഞ്ഞു. പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ ഞാന്‍ എറണാകുളം ജില്ലയിലില്ല. കേസ് മൂലം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു. എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ആര്‍ക്കും കൊടുത്തിട്ടില്ല. അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ല. സംഭവിച്ചതു സാങ്കേതിക പിശകാണോ ബോധപൂര്‍വമാണോ എന്നു പരിശോധിക്കണമെന്നും ആര്‍ഷോ പറഞ്ഞു.
വിവാദമായ പരീക്ഷാ റിസള്‍ട്ടു മാര്‍ച്ചിലാണു പുറത്തുവന്നത്. ആര്‍ഷോയുടെ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ‘പൂജ്യം’ മാര്‍ക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്. വിഷയത്തില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തുന്നു.