ഇസ്‌ലമാബാദ്: തോഷഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ 200ല്‍ അധികം അനുയായികള്‍ ഇതുവരെ അറസ്റ്റിലായെന്ന് പൊലീസ്. ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് മാത്രമല്ല, പാര്‍ട്ടി ഭാരവാഹികളുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.
അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍, പൊലീസ് ഉദ്യോഗസ്ഥരെ ഇമ്രാന്‍ ഖാന് ഒപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തോക്കുകള്‍ തട്ടിപ്പറിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ഇവ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
അതേസമയം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് പാര്‍ലമെന്റ് പിരിച്ചുവിടുമെന്നാണു വിവരം. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇടക്കാല സര്‍ക്കാരിനെ നിയോഗിക്കും. കാലാവധി പൂര്‍ത്തിയാക്കുന്നതിനു 3 ദിവസം മുന്‍പേയാണു പാര്‍ലമെന്റ് പിരിച്ചുവിടുന്നത്. കാലാവധി തീരും മുന്‍പേ പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ 90 ദിവസത്തിനകം പൊതുതിരഞ്ഞെടുപ്പു നടത്തിയാല്‍ മതി. കാലാവധി പൂര്‍ത്തിയാക്കിയശേഷമാണെങ്കില്‍ 60 ദിവസവും. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അഞ്ചുവര്‍ഷത്തേക്ക് ഇമ്രാന്‍ ഖാന് വിലക്കുണ്ട്.