ന്യൂഡല്‍ഹി: വായ്പാ അക്കൗണ്ടുകള്‍ക്കുമേല്‍ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശവുമായി ആര്‍ബിഐ സര്‍ക്കുലര്‍. പല ബാങ്കുകളും പലിശയ്ക്ക് മേല്‍ പിഴപ്പലിശ ചുമത്തുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആര്‍ബിഐ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. പിഴപ്പലിശ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുണ്ട്. 2024 ജനുവരി 1 മുതല്‍ ആയിരിക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക.
വായ്പ വാങ്ങുമ്പോള്‍ പറഞ്ഞ നിബന്ധനകള്‍ കടം വാങ്ങുന്നയാള്‍ പാലിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താല്‍ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകള്‍ക്കപ്പുറം പിഴ ഈടാക്കുന്നുണ്ട്. കടം വാങ്ങുന്നയാള്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന്, പിഴ ഈടാക്കിയാല്‍ അത് ‘പീനല്‍ ചാര്‍ജുകള്‍’ ആയി കണക്കാക്കും. ഇതിനു പലിശ ഈടാക്കില്ല. ലോണ്‍ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല. വായ്പയുടെ പിഴ ചാര്‍ജുകള്‍ അല്ലെങ്കില്‍ സമാനമായ ചാര്‍ജുകള്‍ സംബന്ധിച്ച് നയം രൂപീകരിക്കും.
വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെ വന്നാല്‍ അതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കടം വാങ്ങുന്നവര്‍ക്ക് അയയ്ക്കണം. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.