തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനുള്ള പൊലീസിന്റെ കരാര്‍ അവതാളത്തില്‍. ചിപ്‌സണ്‍ ഏവിയേഷന് കരാര്‍ നല്‍കാന്‍ രണ്ടു മാസം മുമ്പ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തുവെങ്കിലും ടെണ്ടര്‍ കാലാവധി കഴിഞ്ഞതിനാല്‍ തീരുമാനം അനിശ്ചിതത്വത്തിലായി. ടെണ്ടറില്‍ പങ്കെടുത്ത മുഴുവന്‍ കമ്പനികളുമായി ചര്‍ച്ച നടത്താന്‍ ഡിജിപിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
ആറു സീറ്റുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാനാണ് ചിപ്‌സണിന് കരാര്‍ ലഭിച്ചത്. 2022 ഡിസംബര്‍ മാസത്തിലായിരുന്നു ടെണ്ടര്‍ ഉറപ്പിച്ചത്. 25 മണിക്കൂര്‍ പറക്കാന്‍ എണ്‍പത് ലക്ഷത്തിനായിരുന്നു ടെണ്ടര്‍. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആഭ്യന്തരവകുപ്പ് അയയ്ക്കുകയും ചെയ്തു. പക്ഷെ വന്‍ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് വിവാദമായതോടെ കമ്പനിയുമായി അന്തിമകരാര്‍ ഒപ്പുവയ്ക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭയെടുത്തില്ല.
കഴിഞ്ഞ വര്‍ഷം ജൂലൈമാസം വരെയായിരുന്നു ടെണ്ടര്‍ കാലാവധി. ടെണ്ടര്‍ കഴിഞ്ഞതോടെ ബാങ്ക് ഗ്യാരണ്ടിയായ തുക തിരികെ ആവശ്യപ്പെട്ട് കമ്പനി സര്‍ക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ചേര്‍ന്ന മന്ത്രിസഭയോഗം ചിപ്‌സണുമായുള്ള കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനമെടുത്തപ്പോഴാണ് ടെണ്ടര്‍ കാലാവധി കഴിഞ്ഞ ശേഷമാണ് അനുമതി നല്‍കിയതെന്നത് ആഭ്യന്തരവകുപ്പും തിരിച്ചറിഞ്ഞത്. ഇതോടെ അന്തിമ കരാര്‍ നിയമക്കുരുക്കിലായി.
ടെണ്ടര്‍ കാലാവധി കഴിഞ്ഞ ശേഷമുള്ള അനുമതിക്കെതിരെ ടെണ്ടറില്‍ പങ്കെടുത്ത മറ്റ് കമ്പനികള്‍ നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ഒരു വര്‍ഷത്തിനിപ്പുറം പഴയ നിരക്കില്‍ സര്‍വ്വീസ് നടത്താന്‍ ചിപ്‌സണ്‍ ഇനി സമ്മതിക്കുമോ എന്നും വ്യക്തമല്ല. ടെണ്ടറില്‍ പങ്കെടുത്ത ചിപ്‌സണ്‍ അടക്കമുള്ള എല്ലാ കമ്പനികളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ടെണ്ടര്‍ ഇല്ലാതെ പവന്‍ഹന്‍സ് എന്ന കമ്പനിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനമെടുത്തത് വിവാദമായിരുന്നു. കാര്യമായ സര്‍വ്വീസ നടത്താതെ 22.21 കോടി രൂപയാണ് പവന്‍ഹന്‍സിന് നല്‍കേണ്ടിവന്നത്.