കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് അനധികൃത ഓട്ടോ സര്‍വീസ് വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ പരിധിയില്‍ എംവിഡി നടത്തിയ പരിശോധനയില്‍ 115 ഓട്ടോറിക്ഷകള്‍ക്കാണ് പിഴയിട്ടത്. അനധികൃത സര്‍വീസിനേക്കുറിച്ചും കൂടുതല്‍ തുക ചോദിച്ചതിനും കളക്ടര്‍ക്കും പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പരിശോധന നടന്നത്.
നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയ 115 ഓട്ടോറിക്ഷകള്‍ക്കായി 256000 രൂപ പിഴയാണ് എംവിഡി ചുമത്തിയത്. ഓട്ടോപ്പെരുമയില്‍ എന്നും തലയുയര്‍ത്തിപ്പിടിച്ചിട്ടുണ്ട് കോഴിക്കോട്. എന്നാല്‍ സമീപകാലത്ത് പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. യാത്രക്കാരില്‍ നിന്ന് ഉയര്‍ന്ന തുക വാങ്ങുന്നു, അനുമതിയില്ലാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ സര്‍വീസ് നടത്തുന്നു തുടങ്ങി വിവിധ നിയമലംഘനങ്ങള്‍ക്കാണ് നടപടി.
115 ഓട്ടോകള്‍ക്കായി പിഴയിട്ടത് 256000 രൂപ. നഗരത്തില്‍ സര്‍വീസ് നടത്താന്‍ അനുമതിയില്ലാത്ത ഓട്ടോറിക്ഷകളാണ് പരാതിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ വാദം. കൃത്യമായ പരാതിയുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും പരിശോധന തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.