മുംബൈ: തന്നെ തീര്‍ക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന (യുബിടി) നേതാവുമായ ഉദ്ധവ് താക്കറെ. അന്തരിച്ച തന്റെ പിതാവ് ബാല്‍ താക്കറെയുടെയും ജനങ്ങളുടെയും അനുഗ്രഹം തനിക്കൊപ്പം ഉണ്ടെന്നും ഉദ്ധവ് പറഞ്ഞു. ശിവസേന മുഖപത്രം സാമ്‌നയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.
1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാതിരുന്ന ബിജെപിക്ക് എങ്ങനെയാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ കഴിയുകയെന്നത് അറിയാന്‍ ഉദ്ധവ് താല്‍പ്പര്യം പ്രകടിപ്പിച്ചു. ”രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചത് സുപ്രീം കോടതിയാണ്. നിങ്ങള്‍ക്ക് എന്നെ തീര്‍ക്കണമെന്നുണ്ടെങ്കില്‍ അത് ചെയ്യു, എനിക്ക് എന്റെ പിതാവിന്റെയും ജനങ്ങളുടെയും അനുഗ്രഹമുണ്ട്. അവന്റെ രാജ്യമാണ് അവന്റെ കുടുംബം, ഇതാണ് അവന്റെ ഹിന്ദുത്വം”-ഉദ്ധവ് താക്കറെ പറഞ്ഞു.
എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രായം കണക്കിലെടുത്തു രാഷ്ട്രീയത്തില്‍നിന്നു വിരമിക്കണമെന്ന അജിത് പവാറിന്റെ പ്രസ്താവനയോട് തനിക്കു വിയോജിപ്പാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.