കമ്പം: അരിക്കൊമ്പന്‍ കാടിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുറച്ച് തമിഴ്‌നാട് വനംവകുപ്പ്. ജനവാസ മേഖലയായ കമ്പം സുരുളിപ്പെട്ടിക്ക് ഒന്നര കിലോമീറ്റര്‍ അകലെ അരിക്കൊമ്പനുള്ളതായാണ് ഒടുവില്‍ ലഭിച്ച സിഗ്‌നല്‍. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കി. ഉള്‍വനത്തിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്യോഗസ്ഥര്‍. ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കുന്നതിനുള്ള അഞ്ചംഗസംഘവും മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.
അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി മേഘമല കടുവാസങ്കേതത്തിനുള്ളില്‍ വിടാനാണ് തീരുമാനം. അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുന്‍പും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ അരിക്കൊമ്പന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
തമിഴ്‌നാട് സര്‍ക്കാര്‍ ബസിനു നേരെ അരിക്കൊമ്പന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം പോലും നിര്‍ത്തിവച്ചിരുന്നു.
ആനയെ പിടികൂടുന്നത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വനംമന്ത്രിയും തമ്മില്‍ ആശയവിനിമയം നടത്തി. തേനി എംഎല്‍എയുമായും ഇരുവരും ചര്‍ച്ച നടത്തുന്നുണ്ട്. ആനയെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.