കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ നീതി നിഷേധം തുടരുകയാണെന്ന് അതിജീവിത പറഞ്ഞു.അടുത്തയാഴ്ച മുഖ്യമന്ത്രിയെ കാണുമെന്നും നീതി വൈകിപ്പിച്ചാല്‍ മെഡിക്കല്‍ കോളേജില്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്നും അതിജീവിത പറഞ്ഞു.
മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നീതി വൈകിപ്പിക്കുകയാണെന്ന് അതിജീവിത പറഞ്ഞു.
സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ഗൈനക്കോളജി ഡോക്ടര്‍ വീഴ്ച വരുത്തിയതായും ആരോപണം ഉണ്ട്. അതേ സമയം പ്രതി ശശീന്ദ്രനെതിരെയും മൊഴിമാറ്റാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് എതിരെയും പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.