തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള യൂട്യൂബറുടെ ആരോപണങ്ങളെല്ലാം നുണയാണെന്ന് ബാല. അയാള്‍ ചെയ്യുന്ന തെറ്റ് മനസ്സിലാക്കിക്കൊടുക്കുവാനാണ് താന്‍ നേരിട്ടുപോയതെന്നും തര്‍ക്കിക്കാനോ ഭീഷണിപ്പെടുത്താനോ ചെന്നതല്ലെന്നും ബാല മാധ്യമങ്ങളോടു പറഞ്ഞു.
”ഒരു കുടം പാലില്‍ ഒരു നുള്ള് വിഷം ചേര്‍ത്താല്‍ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താന്‍. നിങ്ങളെയും കൂടി അവന്‍ നാശമാക്കും. പത്തു വര്‍ഷമായി അവന്റെ ശീലമാണിതെന്നാണ് പറയുന്നത്. ആരും ചോദിക്കാത്ത ചോദ്യം ഞാന്‍ തുടങ്ങിവച്ചു. അതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ഇങ്ങനെയുള്ള കുറേയാളുകള്‍ ഇവിടെ വരുന്നതുകൊണ്ടാണ് നിങ്ങള്‍ മാധ്യമങ്ങള്‍ക്കു പോലും ബഹുമാനമില്ലാതെയാകുന്നത്.
സിനിമാ താരങ്ങള്‍ ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ ഇല്ല, ഇവര്‍ ഇല്ലെങ്കില്‍ താരങ്ങളുമില്ല. പരസ്പര ബഹുമാനം വേണം. ഇതിഹാസങ്ങളായ താരങ്ങളെക്കുറിച്ച് മോശം പറയാന്‍ ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്. ആരും പ്രതികരിക്കുന്നില്ല. മമ്മൂക്കയെപ്പോലെ ചാരിറ്റി ചെയ്ത നടന്‍ മലയാളത്തില്‍ ഇല്ല. ലാലേട്ടന്‍ എത്ര പേര്‍ക്ക് വീല്‍ ചെയര്‍ പോലുള്ളവ നല്‍കിയിട്ടുണ്ട്. അവരെക്കുറിച്ച് ഇത്ര മോശമായി സംസാരിച്ചിട്ടും നിങ്ങളെല്ലാം മിണ്ടാതിരുന്നു. ഇപ്പോള്‍ ഞാന്‍ തുടങ്ങിവച്ചു. ഇതൊരു തുടക്കമാണ്. ഇതിനുവേണ്ടി ദൈവം എനിക്കു കഷ്ടപ്പാടു തന്നാല്‍ അനുഭവിക്കാന്‍ ഞാന്‍ തയാറാണ്.
ഞാന്‍ ചെയ്യുന്ന ചാരിറ്റിയെക്കുറിച്ച് മോശം പറഞ്ഞു. അത് ചോദിക്കാന്‍ വേണ്ടിയാണ് പോയത്. ലാപ്‌ടോപ്പും ഫ്രിജും തല്ലിപ്പൊളിച്ചെന്ന് പറയുന്നു. സ്വന്തമായി ചെയ്തിട്ട് എന്റെ പേര് പറയാമല്ലോ. ഈ നിമിഷം വരെ അവന്‍ നമ്മളെ വില്‍ക്കുകയാണ്. ഒരു ഗ്ലാസ് കഷണം പോലും അവിടെ പൊട്ടിയിട്ടില്ല. അവന്‍ പേടിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. ഞാന്‍ തിരിച്ചു മാനനഷ്ടക്കേസ് കൊടുത്താല്‍ അവന്‍ കുടുങ്ങും. അത് വേണ്ടെന്നു വിചാരിച്ചാണ് ചെയ്യാതിരിക്കുന്നത്.
57 സ്റ്റിച്ചുണ്ട് എനിക്ക്. ബ്ലീഡിങ് വരും. എന്നിട്ടും ഞാന്‍ പടി കയറിപ്പോയി. ഈ അവസ്ഥയില്‍ ആരെങ്കിലും തല്ലാന്‍ പോകുമോ? നിങ്ങള്‍ക്ക് ആ വിഡിയോയില്‍ കാണാമല്ലോ ആ പയ്യനെ. എന്നിട്ട് ചാനലില്‍ പറയുന്നു രണ്ട് ഗുണ്ടകള്‍ ഉണ്ടെന്ന്. വണ്ടിയുടെ മുമ്പിലുണ്ടായിരുന്നത് എന്റെ ജിം കോച്ച് ആണ്. എനിക്ക് വണ്ടി ഓടിക്കാന്‍ വയ്യാത്തതുകൊണ്ട് കൂടെ വന്നതാണ്. അവരെയൊക്കെ എങ്ങനെയാണ് ഗുണ്ടകള്‍ എന്നു വിളിക്കുന്നത്. അങ്ങനെയെങ്കില്‍ ചെകുത്താന്‍ ആരാണ്.