തിരുവനന്തപുരം: ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിനല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീര്‍ ചോദിച്ചു.
ഒരു വിശ്വാസിയേയും വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആളല്ല. ഒരു ഭാഗത്ത് ഭരണഘടന മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തേക്കുറിച്ച് പറയുമ്പോള്‍ മറ്റൊരുഭാഗത്ത് ശാസ്ത്രബോധം വളര്‍ത്തണമെന്നും പറയുന്നുണ്ട്. നിയമസഭാ സമ്മേളനം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷംസീര്‍ വിവാദങ്ങളില്‍ വിശദീകരണം നടത്തിയത്.
കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണ്. എനിക്ക് മുമ്പ് പലരും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. സ്പീക്കറായി കെട്ടിയിറക്കിയ ഒരാളല്ല ഞാന്‍. വിദ്യാര്‍ഥി യുവജനപ്രസ്ഥാനത്തിലൂടെ കടന്നുവന്ന ആളാണ്. എന്റെ മതേതര യോഗ്യതകളെ ചോദ്യംചെയ്യാനൊന്നും ഇവിടെ ആര്‍ക്കും അവകാശമില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.
‘എനിക്ക് അഭിപ്രായം ഉള്ളത് പോലെ സുകുമാരന്‍ നായര്‍ക്കും അഭിപ്രായം ഉണ്ട്. അത് മാറ്റണമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. വിദ്വേഷ പ്രചാരണങ്ങളില്‍ ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം.ഏതെങ്കിലും വൈകാരികതയില്‍ അടിമപ്പെട്ട് പ്രതികരിക്കുന്നവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും വിശ്വാസികളും’ ഷംസീര്‍ പറഞ്ഞു.