തിരുവനന്തപുരം: ബിജെപി വിട്ടെത്തിയ നടന്‍ ഭീമന്‍ രഘു എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാരായ വി. ശിവന്‍കുട്ടിയുമായും വി. അബ്ദുറഹ്‌മാനുമായും ചര്‍ച്ച നടത്തി. ഇവരുടെ സാന്നിധ്യത്തില്‍ എം.വി. ഗോവിന്ദന്‍ തന്നെ ചുവന്ന പൊന്നാടയണിയിച്ചുവെന്ന് ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്ററിലെത്തിയ ഭീമന്‍ രഘുവിനൊപ്പം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയും ഉണ്ടായിരുന്നു.
സിപിഎമ്മില്‍ വരാനുള്ള പ്രധാന കാരണം അടിസ്ഥാനപരമായി തീരുമാനമുള്ള പാര്‍ട്ടിയാണ് എന്നതാണെന്നു ഭീമന്‍ രഘു പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു. ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സര്‍ക്കാര്‍ വരും. അതിന് യാതൊരു സംശയവും വേണ്ട. ബിജെപി രക്ഷപ്പെടില്ല. പാര്‍ട്ടിയില്‍ എന്ത് റോള്‍ വഹിക്കണമെന്നുള്ള നിര്‍ദേശമൊന്നും എം.വി. ഗോവിന്ദന്‍ നല്‍കിയില്ല. ചുവന്ന ഷോള്‍ അണിയിച്ചു. ഓള്‍ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. നമുക്ക് പറയാനാകില്ല.
ബിജെപിയില്‍നിന്ന് ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. തനിക്ക് ഏറ്റവും ഇഷ്ടം ചുവപ്പു നിറമാണ്. സിപിഎമ്മില്‍ ചേരാന്‍ ഇപ്പോഴാണ് സമയം വന്നു ചേര്‍ന്നത്. ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ നിശ്ചയിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇടതു രാഷ്ട്രീയം. ബിജെപി അപമാനിച്ചതല്ല, തഴഞ്ഞു. കെ.സുരേന്ദ്രന്‍ നല്ലയാളാണ്. അദ്ദേഹത്തിന് തന്റേതായ രീതിയുണ്ട്. ആ രീതിയില്‍ മാത്രമേ കെ.സുരേന്ദ്രന്‍ സഞ്ചരിക്കൂ” – അദ്ദേഹം വ്യക്തമാക്കി. സഖാക്കളെ മുന്നോട്ട് എന്ന ഗാനം ആലപിച്ചശേഷമാണ് ഭീമന്‍ രഘു മടങ്ങിയത്.