ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്നു. ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പ്രണവും വിനീതും മറ്റ് അണിയറപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഹൃദയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമാണിത്. ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ആറാമത്തെ സംവിധാന സംരംഭമാണിത്.
പ്രിയപ്പെട്ട ഒരുപാടുപേരോടൊപ്പം ഒന്നിച്ചൊരു സിനിമ. സംവിധായകനെന്ന നിലയില്‍ എന്റെ ആറാമത്തെ സിനിമ എന്നാണ് വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. നിവിന്‍ പോളിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.