പാലക്കാട്: ഒലവക്കോടില്‍ ഗൃഹനാഥനെ കുത്തിവീഴ്ത്തിയ കേസില്‍ രണ്ട് ട്രാന്സ്ജെന്ഡറുകള് അറസ്റ്റില്‍. കഞ്ചിക്കോട് വാടകയ്ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോള്‍ എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. സാരമായി പരുക്കേറ്റ ഒലവക്കോട് സ്വദേശി സെന്തില്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്.
വൃന്ദയെയും ജോമോളെയും രാത്രിയില്‍ വീടിനു സമീപമുള്ള വഴിയില്‍ സംശയാസ്പദമായി കണ്ടത് സെന്തില്‍കുമാര്‍ ചോദ്യം ചെയ്തു. പ്രകോപിതരായ ഇരുവരും ചേര്‍ന്ന് സെന്തില്‍കുമാറിനെ ക്രൂരമായി മര്‍ദിച്ചു. അടിച്ചു വീഴ്ത്തിയ ശേഷം ഇരുവരും ആക്രമണം തുടര്‍ന്നു. ഇതിനിടയില്‍ വൃന്ദ കയ്യില്‍ ഒളിപ്പിച്ചിരുന്ന കത്തിയുമായി സെന്തില്‍കുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സെന്തില്‍കുമാറിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. പിന്നാലെ വൃന്ദ ഓടി രക്ഷപ്പെട്ടു. ജോമോളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
വൃന്ദ പിന്നീട് ട്രെയിന്‍ മാര്‍ഗം ഒലവക്കോടുനിന്നും കടന്നെങ്കിലും ഫോണ്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി ടൗണ്‍ നോര്‍ത്ത് പൊലീസും പിന്തുടര്ന്നു. കൊല്ലത്തു നിന്നാണ് വൃന്ദയെ പൊലീസ് പിടികൂടിയത്. സാരമായി പരുക്കേറ്റ സെന്തില്‍കുമാറിനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ പരിക്ക് ഗുരുതരമായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെന്തില്‍കുമാര്‍ അപകടനില തരണം ചെയ്തിട്ടില്ല. പിടിയിലായ ട്രാന്സ്ജെന്ഡറുകള് സമാനമായ ആക്രമണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് ടൗണ്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു.