തിരുവനന്തപുരം: വീടുകളിലെ മാലിന്യം ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ നിക്ഷേപിക്കുന്നതിനെതിരെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ സര്‍ക്കുലര്‍. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.
വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാര്‍ ബക്കറ്റുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തി. അവശിഷ്ടങ്ങള്‍ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി ജീവനക്കാരില്‍നിന്നു പരാതികളും ലഭിച്ചു. എല്ലാ മൂന്നു മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിര്‍ദേശം നല്‍കാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങള്‍ ഓഫിസില്‍ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നു. മാലിന്യം തള്ളുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ആലോചന. വേസ്റ്റ് ബിന്നുകള്‍ സിസിടിവി ക്യാമറയുടെ പരിധിയില്‍ കൊണ്ടുവരും.
എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കുപ്പിയില്‍ അലങ്കാര ചെടികള്‍ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കി. പലയിടത്തും വെള്ളത്തില്‍ കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണിത്. ഡെങ്കിപ്പനിപോലെ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിലെ പലഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി