ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര കൈവിട്ടതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യന്‍ ടീം ടെസ്റ്റും ഏകദിനവും ട്വന്റി 20യും അടങ്ങുന്ന പരമ്പരയാണ് കളിച്ചതെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കി. ട്വന്റി 20 പരമ്പര 2-3 നാണ് പരാജയപ്പെട്ടത്. തോല്‍വിയില്‍ വിമര്‍ശകര്‍ ഇന്ത്യന്‍ ടീമിനെ ലക്ഷ്യം വെയ്ക്കുന്നതായും ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ വ്യക്തമാക്കി.
യശസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷാന്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ്മ, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് പരമ്പരയില്‍ അവസരം ലഭിച്ചു. ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകളില്‍ ഒരേ പര്യടനത്തില്‍ അരങ്ങേറിയ താരമെന്ന അംഗീകാരം മുകേഷ് കുമാറിന് സ്വന്തമാക്കാന്‍ കഴിഞ്ഞു. ഒരുപാട് നല്ലകാര്യങ്ങള്‍ സംഭവിച്ചതിനിടയിലും ചില കാര്യങ്ങളില്‍ തെറ്റുപറ്റിയെന്നും അശ്വിന്‍ വ്യക്തമാക്കി.
എംഎസ് ധോണിയും തന്റെ ചില പരിശീലകരും പറഞ്ഞിട്ടുണ്ട് തോല്‍വിയില്‍ നമ്മുക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. എന്നാല്‍ വിജയത്തില്‍ നിന്ന് പഠിക്കുന്നവന്‍ ജേതാവാണ്. തോല്‍വിയില്‍ നിന്ന് ടീം ഒരുപാട് പഠിച്ചു. എട്ടാം നമ്പര്‍ വരെ ബാറ്റിങ് കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കണം. താരങ്ങള്‍ ഒരു ശതമാനം എങ്കിലും കൂടുതല്‍ മികവ് കാട്ടിയാല്‍ അവര്‍ക്ക് മികച്ച ഭാവി ഉണ്ടാകുമെന്നും രവിചന്ദ്രന്‍ അശ്വിന്‍ പ്രതികരിച്ചു.