ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്‌സി ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും ലയിച്ചു. ശനിയാഴ്ചയോടെയാണ് ലയന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ് നടന്നത്. 2022 ഏപ്രില്‍ നാലിനാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ലയന നടപടികള്‍ക്ക് കരാര്‍ ആയത്.
ലയന ശേഷം എച്ച്ഡിഎഫ്‌സി ലോകത്തിലെ വലിയ ബാങ്കുകളിലൊന്നായി മാറും. ആഗോളതലത്തില്‍ അമേരിക്കന്‍, ചൈനീസ് വായ്പാ ദാതാക്കള്‍ക്ക് പുതിയ വെല്ലുവിളിയായിരിക്കും എച്ച്ഡിഎഫ്‌സി ഉയര്‍ത്തുക. ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ., ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് പിന്നില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്‌സി. ബ്ലൂംബര്‍ഗ് കണക്ക് പ്രകാരം ഏകദേശം 172 ബില്യണ്‍ ഡോളറാണ് മൂല്യം.
പുതിയ എച്ച്ഡിഎഫ്സി ബാങ്കിന് ഏകദേശം 120 ദശലക്ഷം ഉപഭോക്താക്കളുണ്ടാകും. ബ്രാഞ്ചുകള്‍ 8,300ല്‍ അധികം ആക്കി ഉയര്‍ത്തുകയും 1,77,000ല്‍ അധികം ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും.