തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരായ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മറ്റി അംഗം എ.കെ.ബാലന്‍. പിണറായി പണം വാങ്ങിയെന്നു കമ്പനി പറഞ്ഞിട്ടുണ്ടോ? വീണയോട് ആദായനികുതിവകുപ്പ് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ബാലന്‍ മാധ്യമങ്ങളോടു ക്ഷുഭിതനായി. മുഖ്യമന്ത്രിയുടെ മറുപടിയെ ഭയന്നിട്ടാണ് പ്രതിപക്ഷ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്നതെന്നും ബാലന്‍ പറഞ്ഞു.
”ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന്റെ ഏറ്റവും നല്ല ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. ഇന്നലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഞാനും ഉമ്മന്‍ ചാണ്ടിയും കമ്പനിയില്‍നിന്ന് കാശ് വാങ്ങിയിട്ടുണ്ട്. ഏത് കമ്പനിയില്‍നിന്ന്? സിഎംആര്‍എലില്‍നിന്ന്. അതായത് ജീവിച്ചിരിക്കുന്ന സമയത്തേ അദ്ദേഹത്തിനു സ്വരൈ്യം കൊടുത്തില്ല. ഇനി അദ്ദേഹത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇതു പറഞ്ഞത്. യഥാര്‍ഥത്തില്‍ പിണറായി വിജയനെയും അദ്ദേഹത്തിന്റെ മകള്‍ വീണയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണു ലക്ഷ്യമിടുന്നതെങ്കിലും അതിന്റെ പിന്നില്‍ ഇതുകൂടി ഉണ്ട് എന്നത് കണ്ടുപോകുന്നത് നന്നായിരിക്കും.
സാധാരണ നിലയില്‍ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഇടയില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. 41 അംഗ പ്രതിപക്ഷത്തില്‍ കുഴല്‍നാടന്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഹാജരായത് നാലു പേര്‍ മാത്രമാണ്. പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി ശക്തമായ ആക്രമണം നടത്തണമെന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കില്‍ അടിയന്തരപ്രമേയമായി കൊണ്ടുവരാമായിരുന്നല്ലോ. അപ്പോള്‍ അതില്‍തന്നെയുള്ള ഒരു വിഭാഗം ഇത് അടിയന്തരപ്രമേയമായി കൊണ്ടുവന്ന് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഉണ്ടാകുന്ന മറുപടിയെ സംബന്ധിച്ച് ആലോചിച്ച് അവര്‍ക്ക് ഉറക്കം വന്നിട്ടുണ്ടാകില്ല. കോണ്‍ഗ്രസിനുള്ളില്‍ വരാന്‍ പോകുന്ന പൊട്ടിത്തെറിയുടെ ഏറ്റവും നല്ല ലക്ഷണമാണ് ഇന്നലെ കണ്ടത്.