ന്യൂഡല്‍ഹി: കാമുകനൊപ്പം ജീവിക്കാന്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍ വനിതയ്ക്ക് സിനിമയില്‍ അവസരം. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റാണെന്ന് ആരോപണം നേരിടുന്ന സീമ ഹൈദറിന് റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥയുടെ വേഷം നല്‍കാനാണ് നീക്കം. പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട കാമുകനെ തേടി മേയിലാണ് മുപ്പതുകാരിയായ സീമ ഉത്തര്‍പ്രദേശിലെത്തിയത്.
ജനി ഫയര്‍ഫോക്‌സ് പ്രൊഡക്ഷന്‍ ഹൗസിനുവേണ്ടി നിര്‍മിക്കുന്ന ചിത്രത്തിനായി സംവിധായകന്‍ ജയന്ത് സിന്‍ഹ, ഭരത് സിങ് എന്നിവര്‍ സീമയുടെ ഒഡിഷന്‍ നടത്തി. ഉദയ്പുരില്‍ ഭീകരര്‍ വധിച്ച തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചിത്രമാണ് നിര്‍മിക്കുന്നത്. ‘എ ടൈലര്‍ മര്‍ഡര്‍ സ്റ്റോറി’ എന്നാണ് സിനിമയുടെ പേര്. സിനിമയില്‍ അഭിനയിക്കുന്നതിന് സീമ ഇതുവരെ സമ്മതം നല്‍കിയിട്ടില്ല.
ഉത്തര്‍ പ്രദേശ് ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) ക്ലീന്‍ ചിറ്റ് ലഭിച്ചശേഷമേ സിനിമയില്‍ അഭിനയിക്കാനാകൂ എന്ന് സീമ പറഞ്ഞു. തുന്നല്‍ കടയില്‍ തണി തുന്നിക്കാനെന്ന വ്യാജേനെ എത്തിയവരാണ് കനയ്യ ലാലിനെ വധിച്ചത്. പ്രവാചകനുമായി ബന്ധപ്പെട്ട് മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അവരെ പിന്തുണച്ച് കനയ്യ ലാല്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.