കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകള്‍ പാളുകയാണ്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിന്നും പുതിയ തൊഴില്‍ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെ കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചു. തൊഴില്‍ വകുപ്പിന്റെ കണ്ണെത്താത്ത ചെറിയ തൊഴില്‍ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സര്‍ക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്.
തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് ചായക്കട അടക്കമുള്ള പല സംരംഭങ്ങളുടെയും മുതലാളിമാരാണ്. സംരംഭങ്ങള്‍ സ്വയം തുടങ്ങിയതോടെ ഇവരുടെ കുടുംബവും കേരളത്തിലേക്ക് പറിച്ച് നടെപ്പട്ടു. ഇങ്ങനെ ആയിരക്കണക്കിന് അന്യ സംസ്ഥാനക്കാരാണ് കൊച്ചു കൊച്ചു സംരഭങ്ങള്‍ തുടങ്ങി അതിഥി മുതലാളിമാരായി മാറുന്നത്.
ഈ കടകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള രജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ജോലിക്കെത്തുന്നവരില്‍ ഭൂരിപക്ഷം പേരും ഒരു കണക്കിലും പെടുന്നില്ല. ചായക്കട, പലഹാരക്കട, പാന്‍ കട മുതല്‍ ലോട്ടറി അടക്കമുള്ള മേഖലകളില്‍ അതിഥി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ പലയിടങ്ങളില്‍ ലോട്ടറി കച്ചവടക്കാരായ അതിഥി തൊഴിലാളികളുണ്ട്. തൊഴില്‍ വകുപ്പിന്റെയോ സാമൂഹ്യ നീതി വകുപ്പിന്റെയോ കണ്ണെത്താത്ത ചെറിയ തൊഴില്‍ മേഖലകളില്‍ ആരൊക്കെയോ വരുന്നു, പോകുന്നു എന്ന രീതിയിലാണ് കണക്കുകള്‍ ഉള്ളത്.
ട്രെയിന്‍ കയറി കേരളത്തില്‍ എത്തി ഏതെങ്കിലും സംഘത്തിനൊപ്പം താമസം തരപ്പെടുത്തും. രാവിലെ കവലയില്‍ വന്ന് നില്‍ക്കും. വിളിക്കുന്നവര്‍ക്കൊപ്പം പോകും. ഈ വിഭാഗത്തിലുള്ളവരുടെ ഒരു വിവരവും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇല്ല. ആസൂത്രണ ബോര്‍ഡിന്റെ 2021ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് 2017-2018കാലത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കെട്ടിട നിര്‍മ്മാണ മേഖലയില്‍ 76ശതമാനം പേര്‍ അതിഥി തൊഴിലാളികളാണ്. ഹോട്ടല്‍ തൊഴിലാളികളില്‍ 52ശതമാനവും, മത്സ്യത്തൊഴിലാളികളില്‍ പോലും 12ശതമാനം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്ത് തൊഴിലെടുക്കുന്നത്. വിവര ശേഖരണത്തിന് ഏറ്റവും ഉചിതമായി ഇടപെടാന്‍ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കൃത്യമായൊരു മാര്‍ഗരേഖയും സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല.