ബെര്‍ലിന്‍: ആഴ്‌സണല്‍ വിട്ട് ജര്‍മ്മന്‍ ക്ലബായ ബയെര്‍ ലെവര്‍ക്യുസനോടൊപ്പം ചേര്‍ന്ന് സ്വിറ്റ്സര്‍ലാന്‍ഡ് താരം ഗ്രനിറ്റ് ജാക്ക. 25 മില്യണ്‍ യൂറോയ്ക്ക് ആണ് (225 കോടി രൂപ) കരാര്‍. 30 കാരനായ സ്വിസ് മധ്യനിര താരം അഞ്ച് വര്‍ഷത്തേയ്ക്കാണ് ബുന്ദസ് ലീഗില്‍ കളിക്കുക. ഏഴ് വര്‍ഷത്തിന് ശേഷമാണ് ജാക്ക ആഴ്‌സണല്‍ വിടുന്നത്. ജാക്കയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് മധ്യനിര താരം ഡെക്ലാന്‍ റൈസിനെ എത്തിക്കാനാണ് ആഴ്‌സണല്‍ നീക്കം. വെസ്റ്റ് ഹാമില്‍ നിന്നാണ് റൈസിന്റെ കൂടുമാറ്റം.
നിലവിലെ കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് സ്വിസ് മധ്യനിര താരം ആഴ്‌സണല്‍ വിടുന്നത്. 297 മത്സരങ്ങളില്‍ ആഴ്‌സണല്‍ ജഴ്‌സിയണിഞ്ഞ ജാക്ക 23 ഗോളുകള്‍ നേടി. രണ്ട് തവണ എഫ്എ കപ്പും കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞതാണ് ആഴ്‌സണലിനൊപ്പം ജാക്കയുടെ നേട്ടങ്ങള്‍.
2016 ല്‍ ആഴ്‌സണലില്‍ എത്തിയ ജാക്ക മൂന്ന് വര്‍ഷത്തിന് ശേഷം ഗണ്ണേഴ്‌സിന്റെ നായക സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ സ്വന്തം ആരാധകരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിനുള്ളിയില്‍ നായക സ്ഥാനം നഷ്ടപ്പെട്ടു. എന്നാല്‍ സ്വിറ്റ്സര്‍ലാന്‍ഡ് ദേശീയ ടീമിന്റെ നായകനായി അഞ്ച് വര്‍ഷമായി ജാക്ക തുടരുകയാണ്.