കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം കൈമാറി സര്‍ക്കാര്‍. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, പി. രാജീവ്, എം.ബി രാജേഷ് എന്നിവര്‍ നേരിട്ടെത്തിയാണ് സഹായധനവുമായി ബന്ധപ്പെട്ട ഉത്തരവ് കൈമാറിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ധനസഹായമാണ് കുടുംബത്തിന് കൈമാറിയത്.
കുടുംബത്തിന്റെ ജോയന്റ് അക്കൗണ്ടിലേക്ക് പണം നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പണം ഇന്നോ നാളെയോ കളക്ടറുടെ അക്കൗണ്ടിലേക്കെത്തും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മികച്ച രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കുട്ടിയുടെ കൊലപാതകം കഴുത്ത് ഞെരിച്ചെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു.