ആലപ്പുഴ: അംഗീകാരം റദ്ദാക്കിയ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷ കമ്മീഷണര്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനുള്ള കോളേജുകളുടെ പട്ടികയില്‍ ആലപ്പുഴയേയും ഉള്‍പ്പെടുത്തി.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അഫിലിയേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ബുധനാഴ്ച അര്‍ധരാത്രി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലാണ് ആലപ്പുഴയെയും ഉള്‍പ്പെടുത്തിയത്. ആവശ്യത്തിന് സൗകര്യമില്ലാത്തതിനാലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സീറ്റുകളുടെ അംഗീകാരം റദ്ദാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംഡി എമര്‍ജന്‍സി മെഡിസിന്‍, പരിയാരം മെഡിക്കല്‍ കോളേജിലെ എം ഡി എമര്‍ജന്‍സി മെഡിസിന്‍, എം എസ് ഓര്‍ത്തോ, എം എസ് ഇ എന്‍ ടി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ എം എസ് ഇ എന്‍ ടി കോഴ്‌സുകളുടെ അംഗീകാരവും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടും, പരിയാരം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ഏഴ് വീതവും പിജി സീറ്റുകളാണ് നഷ്ടപ്പെടുന്നത്. കാരക്കോണം മെഡിക്കല്‍ കോളേജിലെ എംഎസ് ഇഎന്‍ടിയുടെ രണ്ട് സീറ്റുകളുടെ അംഗീകാരവും നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയിട്ടുണ്ട്.
ഇതോടൊപ്പം സംസ്ഥാനത്തെ മുന്ന് മെഡിക്കല്‍ കോളജുകളില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിന് ആരോഗ്യ സര്‍വ്വകലാശാലയുടെ അനുമതിയില്ലെന്ന വിവരവും രജിസ്ട്രാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ വിശദമാക്കിയിട്ടുണ്ട്. കോന്നി, പാലക്കാട്, ഇടുക്കി ഗവ. മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതി ലഭിക്കാതിരുന്നത്. ഫാക്കല്‍റ്റിയുടെയും റെസിഡന്‍സിന്റെയും കുറവാണ് അനുമതി നിഷേധിക്കാന്‍ കാരണം. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആവശ്യമുള്ളതിലും 14 ശതമാനം ഫാക്കല്‍റ്റിമാരുടെ കുറവാണ് ഉണ്ടായിരുന്നത്. കോന്നിയില്‍ 33ശതമാനവും ഇടുക്കിയില്‍ 40 ശതമാനവും ഫാക്കല്‍റ്റിമാരുടെ കുറവുണ്ടായിരുന്നു.