തിരുവനന്തപുരം: പ്രതിപക്ഷത്തിന് വേറെ ജോലിയില്ലാത്തതിനാലാണു സര്‍ക്കാര്‍ വിരുദ്ധത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട്ടില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താന്‍ വൈകിയെന്ന പ്രതിപക്ഷ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം.
”മണിക്കൂറുകള്‍ കൊണ്ടു കൊലപാതകം തിരിച്ചറിയാനും പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനും മുഴുവന്‍ കാര്യങ്ങളും ചുരുളഴിയിക്കാനും സാധിച്ച സര്‍ക്കാരാണിത്. സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഇല്ലാതിരുന്നാല്‍ മാധ്യമങ്ങള്‍ക്കും ബൂര്‍ഷാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറക്കമില്ല. അതുകൊണ്ട് ഓരോ ദിവസവും ഓരോന്നു സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കേസില്‍ പൊലീസിന്റെ, ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. അത് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ട് വേറെ എന്തെങ്കിലും കാര്യം പറയുന്നു”- എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ ഷംസീര്‍ രാജിവയ്ക്കണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണത്തോടും എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. ”മിത്തുകള്‍ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്. സങ്കല്‍പങ്ങളെ അങ്ങനെ തന്നെ കാണണം. ശാസ്ത്രീയമായ രീതിയില്‍ കാര്യങ്ങളെ കാണുമ്പോള്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രശ്‌നമില്ലെന്നു വ്യക്തമാകും”- എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു.