തിരുവനന്തപുരം: ഐടി പാര്‍ക്കുകള്‍ക്ക് പുറമേ വ്യവസായ പാര്‍ക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിനും ലൈസന്‍സ് അനുവദിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിര്‍മിക്കും. ഐടി പാര്‍ക്കുകളില്‍ വിദേശ മദ്യം വിതരണം ചെയ്യുന്നതിനു ചട്ടഭേദഗതി പുരോഗതിയിലാണെന്ന് മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകള്‍ക്ക് ടൂറിസം സീസണില്‍ മാത്രം ബിയറും വൈനും വില്‍പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കും. മദ്യവിതരണത്തിന് അനുമതി ഉണ്ടാകില്ല. സംസ്ഥാനത്ത് നിലവില്‍ 559 വിദേശ മദ്യ ചില്ലറ വില്‍പനശാലകള്‍ക്കാണ് അനുമതിയുള്ളത്. ഇതില്‍ 309 ഷോപ്പുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവയില്‍ നിയമപ്രശ്‌നമില്ലാത്തവ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കും. ക്ലാസിഫിക്കേഷന്‍ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റു നിയമപരമായ തടസങ്ങളില്ലെങ്കില്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കും.
വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയര്‍ന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും എക്‌സ്‌പോര്‍ട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനഃക്രമീകരിക്കും.
സംസ്ഥാനത്ത് മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കും. പഴ വര്‍ഗങ്ങളില്‍ നിന്നു (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് ആവശ്യമായ നിയമനിര്‍മാണം നടത്തും. ബാര്‍ ലൈസന്‍സ് ഫീസ് 30,00,000ല്‍ നിന്ന് 35,00,000 രൂപയായി വര്‍ധിപ്പിച്ചു. സീ-മെന്‍, മറൈന്‍ ഓഫിസേഴ്‌സ് എന്നിവര്‍ക്കുള്ള ക്ലബ്ബുകളില്‍ മദ്യം വിളമ്പുന്നതിനുള്ള ലൈസന്‍സ് ഫീസ് 50,000ല്‍ നിന്ന് 2,00,000 രൂപയായി വര്‍ധിപ്പിച്ചു.
കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനതു ലഹരി പാനീയമായി അവതരിപ്പിക്കും. കള്ള് ഉല്‍പാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. ‘കേരളാ ടോഡി’ എന്ന പേരില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യും. മൂന്ന് സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും, വിനോദ സഞ്ചാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും അതതു സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉല്‍പാദിപ്പിച്ച് അതിഥികള്‍ക്ക് നല്‍കുന്നതിന് അനുവാദം നല്‍കും. അതതു ദിവസങ്ങളിലെ വില്‍പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതില്‍ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും.