സുതാര്യമായി ഡിസൈനും മികച്ച പെര്‍ഫോമന്‍സും അത്ര കൂടുതലെന്നു പറയാനാവാത്ത വിലയുമായെത്തിയ നത്തിങിന്റെ ആദ്യത്തെ ഫോണ്‍ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ആപ്പിളിനു സമാനമായ ലോഞ്ച് ഈവന്റുമായി തങ്ങളുടെ രണ്ടാമത്തെ നത്തിങ് 2 കാള്‍പെയുടെ ഉടമസ്ഥതയിലുള്ള കമ്പനി അവതരിപ്പിച്ചിരിക്കുന്നു.
8 പ്ലസ് 128ജിബി, 12 പ്ലസ് 256 ജിബി, 12 പ്ലസ് 512 ജിബി എന്നിങ്ങനെയെത്തുന്ന ഫോണിന്റെ പ്രാരംഭവില 44999 രൂപയാണ്. 6.7 ഇഞ്ച് OLED LTPO ഡിസ്‌പ്ലേ(2412×1080 ) ആണ് വരുന്നത്. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണിത്. 4എന്‍എം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ വണ്‍ പ്രൊസസറാണ് വരുന്നത്. കസ്റ്റമൈസ് ചെയ്ത നത്തിങ് ഒഎസ് 2.0യിലാണ് പ്രവര്‍ത്തനം. സുതാര്യ ഡിസൈനായതിനാല്‍ത്തന്നെ മുന്‍വശത്തും പിന്‍വശത്തുമെല്ലാം ഗൊറില്ലാ ഗ്ലാസിന്റെ സുരക്ഷയുണ്ട്
ക്യാമറ
32 ഐഎംഎക്‌സ്615 സെല്‍ഫി ക്യാമറയാണ് നത്തിങ് ഫോണിലുളളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 എംപി സോണി ഐഎംഎക്‌സ് 890 സെന്‍സറും 50 എംപി അള്‍ട്രാ വൈഡ് സാംസങ് ജെന്‍എന്‍ ക്യാമറ സിസ്റ്റവുമാണ് വരുന്നത്. 60 എഫ്പിഎസില്‍ റോ എച്ച്ഡിആര്‍ 4കെ റെക്കോര്‍ഡിങ്ങാണ് വരുന്നത്.
ഗ്ലിഫ് ഡിജെ
നത്തിങ് ഫോണ്‍ 1 പോലെ 2ലും ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് നല്‍കിയിട്ടുണ്ട്. കോണ്‍ടാക്ടുകള്‍ക്കും ആപ്പുകളുടെ നോട്ടിഫിക്കേഷനുമെല്ലാം ഈ എല്‍ഇഡി പാനലില്‍ പേഴ്‌സണലൈസ് ചെയ്യാനാകും. ഷോപിങ്, അല്ലെങ്കില്‍ ഫുഡ് ഡെലിവറി സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ഫോണ്‍ ആപ് ഓപ്പണ്‍ ചെയ്യാതെ തന്നെ ഒരു വിഷ്വല്‍ കൗണ്ട് ഡൗണും ലഭിക്കും.
20 മിനിട്ടിനുള്ളില്‍
4,700mAh ബാറ്ററിയുമായിട്ടാണ് ഈ ഫോണ്‍ വരുന്നത്.20 മിനിട്ടിനുള്ളില്‍ 50 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാനാകുമെന്നാാണ് കമ്പനിയുടെ അവകാശവാദം. 45w വയേഡ് ചാര്‍ജിങില്‍ 55 മിനിട്ടില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും അതേപോലെ 15W Qi സംവിധാനത്തില്‍ 130 മിനിട്ടിനുള്ളില്‍ പൂര്‍ണായും ചാര്‍ജ് ചെയ്യാനുമാകും.
യുഎസ്ബി ടൈപ് സി പോര്‍ട്ടാണ് ഇയര്‍ഫോണിനും ചാര്‍ജിങിനുമായി വരുന്നത്. വൈഫൈ 6, 5ജി, 4ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.3, എന്‍എഫ്‌സി, ജിപിഎസ്/എ-ജിപിഎസ്, സംവിധാങ്ങളുമുണ്ട്. ജൂലൈ 21 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലുള്‍പ്പടെ വിപണിയില്‍ വില്‍പനയ്ക്കായി എത്തും.ഫോണ്‍ വാങ്ങാന്‍ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 3,000 രൂപ കിഴിവും ലഭിക്കും.