ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വിട്ടുനില്‍ക്കുമെന്നു റിപ്പോര്‍ട്ട്. ഇന്ത്യ – ചൈന തര്‍ക്കം മുറുകുന്നതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടന്നതു ചൈന ആലോചിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ഷി ചിന്‍പിങ് എത്തിയാല്‍ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതും ചൈന കണക്കുകൂട്ടുന്നുണ്ട്. പ്രസിഡന്റിനു പകരം, പ്രധാനമന്ത്രി ലി ചിയാങ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണു സൂചനകള്‍.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ഷി ചിന്‍പിങ്ങിനുനേരെ ടിബറ്റന്‍ പൗരന്മാരുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാരെ നേരിടുന്നതിനായി വന്‍സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.
ജി20 ഉച്ചകോടിക്കു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അരുണാചല്‍ പ്രദേശും ലഡാക്കിനോടു ചേര്‍ന്നുള്ള അക്സായ് ചിന്‍ മേഖലയും ചൈനയുടെ അതിര്‍ത്തിക്കുള്ളിലാക്കി ഭൂപടം പുറത്തിറക്കിയതില്‍ ഇന്ത്യയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഡല്‍ഹിയില്‍ 9, 10 തീയതികളിലാണ് ജി20 ഉച്ചകോടി. ഇതിനുമുന്‍പ് 5-7 തീയതികളില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ആസിയാന്‍ സമ്മേളനത്തിലും മോദിയും ഷി ചിന്‍പിങ്ങും പങ്കെടുക്കുന്നുണ്ട്.