മലപ്പുറം: താനൂരിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവരുന്ന വിവരങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മാധ്യമങ്ങള്‍ പുറത്തുവിടുന്നതടക്കമുളള എല്ലാ വിവരങ്ങളും താനൂരിലെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ടതുണ്ട്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്താണെന്നുള്ളതും പ്രധാനമാണ്. ഇതുവരെ മുഴുവനായുള്ള ഒരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. അതുകൂടി വരുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരും. പൊലീസ് മര്‍ദ്ദനമുണ്ടായി എന്ന വാര്‍ത്തകള്‍ ഗൗരവമായി തന്നെയാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താനൂരിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിച്ചു. പൊലീസ് മനപൂര്‍വം വൈകിപ്പിക്കുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് ദിവസം തുടര്‍ച്ചയായി സമീപിച്ചിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുന്നുവെന്നും കുടുംബം പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് പൊലീസിനെതിരെയുള്ള ഗുരുതരമായ കണ്ടെത്തലുകളാണെന്നാണ് സൂചന.