മിലാന്‍: ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു. മിലാനിലെ സാന്‍ റഫേല്‍ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. ഏപ്രിലില്‍ അദ്ദേഹം ശ്വാസകോശ അണുബാധയ്ക്ക് ചികിത്സ തേടിയിരുന്നു. ശതകോടീശ്വരനും മാധ്യമവ്യവസായിയുമായ സില്‍വിയോ ബെര്‍ലുസ്‌കോണി, 1994ലാണ് ആദ്യമായി അധികാരത്തില്‍ വരുന്നത്. 2011 വരെയുള്ള കാലയളവില്‍ നാലു തവണ പ്രധാനമന്ത്രിയായി. അദ്ദഹത്തിന്റെ പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി, നിലവില്‍ ഇറ്റലിയിലെ ഭരണകക്ഷിയുമായി സഖ്യത്തിലാണ്.
നിരവധി ലൈംഗികാരോപണങ്ങളും അഴിമതി ആരോപണങ്ങളും നികുതി തട്ടിപ്പിനു ശിക്ഷയും അനുഭവിച്ച ബെര്‍ലുസ്‌കോണി, 2017ലാണ് രാഷ്ട്രീയ തിരിച്ചുവരവ് നടത്തിയത്. 1936ല്‍ മിലാനില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ബെര്‍ലുസ്‌കോണി, ഇറ്റലിയിലെ ഏറ്റവും വലിയ വാണിജ്യ ബ്രോഡ്കാസ്റ്ററായ മീഡിയസെറ്റിന്റെ സ്ഥാപകനായി മാറുകയായിരുന്നു. 1986നും 2017നും ഇടയില്‍ എസി മിലാന്‍ ഫുട്‌ബോള്‍ ക്ലബ്ബും ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലായിരുന്നു
1993ലാണ് ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തി. 2008ല്‍ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും 2011ല്‍ രാജിവയ്ക്കേണ്ടി വന്നു. 2012 അവസാനത്തോടെ നികുതി തട്ടിപ്പിനു ബെര്‍ലുസ്‌കോണി ശിക്ഷിക്കപ്പെട്ടു. മിലാനിലെ ഒരു റെസിഡന്‍ഷ്യല്‍ ഹോമില്‍ പാര്‍ട്ട് ടൈം കമ്യൂണിറ്റി സേവനം ചെയ്തുകൊണ്ട് ഒരു വര്‍ഷത്തോളം തടവ് അനുഭവിച്ചു.
2018ലെ പൊതുതിരഞ്ഞെടുപ്പില്‍ ഫോര്‍സാ ഇറ്റാലിയ ലീഗും ബ്രദേഴ്സ് ഓഫ് ഇറ്റലിയും ചേര്‍ന്ന് മത്സരിച്ചെങ്കിലും ഭരിക്കാന്‍ ആവശ്യമായ 40% വോട്ടു ലഭിച്ചില്ല. 2019ല്‍ ബെര്‍ലുസ്‌കോണി യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഒരു സീറ്റ് നേടി. 2022 ഒക്ടോബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലിയുമായി സഖ്യത്തിലായതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തി. ബെര്‍ലുസ്‌കോണി സെനറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.